സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റില്‍ ശശിധരന്‍ പി.കെ; പാസ്‌പോര്‍ട്ടില്‍ ശശി എന്ന് മാത്രം; പേരിലും വയസ്സിലും കൃത്രിമം നടത്തിയെന്ന ആരോപണവുമായി എല്‍ഡിഎഫ്

Update: 2026-04-04 15:05 GMT

പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ശശി നാമ നിര്‍ദേശ പത്രികയില്‍ പേരിലും വയസ്സിലും കൃത്രിമം നടത്തിയെന്ന ആരോപണവുമായി എല്‍ഡിഎഫ് രംഗത്ത്. മണ്ഡലം കമ്മിറ്റിയുടെതാണ് ആരോപണം. പി.കെ. ശശി പഠിച്ച കുലുക്കല്ലൂര്‍ വി.എ.യു.പി സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റിലുള്ള പേര് ശശിധരന്‍ പി.കെ. എന്നാണെന്നും അതേസമയം, പാസ്‌പോര്‍ട്ടില്‍ ശശി എന്ന് മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും ആണ് നേതാക്കള്‍ പറയുന്നത്.

പേരില്‍ മാറ്റം വരുത്തണമെങ്കില്‍ നിലവിലെ നിയമപ്രകാരം ഗസറ്റ് നോട്ടിഫിക്കേഷന്‍ നല്‍കണം. എന്നാല്‍ ശശി ഇത് ചെയ്തതായി വിവരമില്ലെന്നും തെറ്റായ വിവരം നല്‍കി പാസ്‌പോര്‍ട്ട് എടുക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും നേതാക്കള്‍ പറഞ്ഞു.

പേരിനു പുറമെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ ജനന തീയതിയില്‍ കൃത്രിമം കാണിച്ചുവെന്നും ശശിക്കെതിരെ ആരോപണമുണ്ട്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് പറഞ്ഞു.

Similar News