പി കെ ശശിയെ പുറത്താക്കിയതിന് പിന്നാലെ സ്ത്രീ വിരുദ്ധ പരാമര്‍ശം; നേതാക്കളെ താക്കീത് ചെയ്ത് സിപിഎം
പാലക്കാട്: പി കെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ നടത്തിയ വിവാദ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതോടെ നേതാക്കള്‍ക്കെതിരെ നടപടിയുമായി സിപിഎം. സിപിഎം മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി എന്‍ കെ നാരായണനെയും, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീനെയും സിപിഎം നേതൃത്വം താക്കീത് ചെയ്തു.
പി കെ ശശിയെ പുറത്താക്കിയതിന് പിന്നാലെ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് ഇനി തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ക്ക് വരാമെന്ന എന്‍ കെ നാരായണന്റെ പ്രസ്താവനയിലാണ് താക്കീത്. ശശിക്ക് പാര്‍ട്ടി ഓഫീസ് അനാശാസ്യ കേന്ദ്രമായിരുന്നുവെന്നാണ് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് തിരുത്താനും പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെഎസ് സലീഖ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്ത മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി യോഗത്തില്‍ താക്കീത് നല്‍കിയത്. ഇരുവരുടെയും പ്രസ്താവനകള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി എന്നും ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാന്‍ ആവില്ലെന്നും ജില്ലാ നേതൃത്വം പറഞ്ഞു. നേരത്തെ ജനാധിപത്യ മഹിളാ അസോസിയേഷനും പാര്‍ട്ടി ഘടകങ്ങളും ഏരിയാസെക്രട്ടറിയുടെയും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുടെയും പ്രസ്താവനകള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.