ലോറിയിൽ നിന്ന് മരത്തടികൾ ദേഹത്തേക്ക് വീണ് ; മലപ്പുറത്ത് തൊഴിലാളി അതിദാരുണമായി മരിച്ചു; അപകടം മരം ഇറക്കുന്നതിനിടെ
മലപ്പുറം: ലോറിയിൽ നിന്നും മരത്തടികൾ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. മലപ്പുറം തുവ്വൂർ സ്വദേശി ഷംസുദീൻ (54) ആണ് മരിച്ചത്. തുവ്വൂർ ഐലാശ്ശേരിയിൽ ഇന്ന് രാവിലെ 9മണിയോടെയാണ് സംഭവം. മരമില്ലിലേക്ക് ലോറിയിൽ കൊണ്ടുവന്ന മരം ഇറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
മരങ്ങൾ ലോറിയിൽ നിന്ന് താഴെയിറക്കാനുള്ള ശ്രമത്തിലായിരുന്നു ഷംസുദ്ദീൻ. ഇതിനായി ലോറിക്ക് മുകളിൽ കയറി കയർ അഴിച്ചു. ഇതിനിടെ തെന്നി താഴേക്ക് വീഴുകയായിരുന്നു. താഴെ വീണ ഷംസുദ്ദീൻ്റെ ദേഹത്തേക്ക് മരത്തടികൾ ഓരോന്നായി വീഴുകയായിരുന്നു. ഉടനെ തന്നെ കൂടെയുണ്ടായിരുന്ന മറ്റു ജോലിക്കാർ ഷംസുദ്ദീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഷംസുദ്ദീന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അതിനിടെ, അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ അപകടം നടക്കുന്നത് കൃത്യമായി കാണാം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.