റൂമിൽ കയറി കടന്നുപിടിച്ചു; പലവട്ടം ഇത് തുടർന്നു; പതിനാറുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസ്; രണ്ടാനച്ഛന് ഏഴ് വർഷം കഠിന തടവിന് വിധിച്ച് കോടതി

Update: 2025-01-17 11:48 GMT

തിരുവനന്തപുരം: പതിനാറുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛന് ഏഴ് വർഷം കഠിന തടവും 26000 രൂപ പിഴയും വിധിച്ച് കോടതി. പീഡനത്തിന് കൂട്ട് നിന്ന കുട്ടിയുടെ അമ്മയെ കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് അനുഭവിക്കണം എന്നാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയുടെ വിധി.

2020 ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം വീട്ടിൽ താമസിക്കുമ്പോഴാണ് സംഭവം. അർധരാത്രി കുട്ടി കട്ടിലിൽ കിടക്കവേ പ്രതി മുറിക്കുള്ളിൽ കേറി കുട്ടിയെ കടന്നുപിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിൽ ഭയന്ന കുട്ടി വീട്ടിൽ നിന്ന് ഓടി സമീപത്തുള്ള കുറ്റികാട്ടിൽ ഒളിച്ചിരുന്നു. പ്രതി കാട്ടിൽ ചെന്ന് കുട്ടിയെ മർദിച്ചാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.

കുട്ടി പിറ്റേന്ന് തന്‍റെ അച്ഛന്‍റെ ബന്ധുക്കളെ വിവരം അറിയിച്ചതിനെത്തുടർന്ന് അടുത്ത ദിവസം അവർ എത്തി കുട്ടിയെ അച്ഛന്‍റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്. ഇതിനു മുൻപും പലതവണ രണ്ടാനച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് കുട്ടി മൊഴി നൽകി. സംഭവം അറിഞ്ഞിട്ടും പുറത്തു പറയാത്തതിനാലാണ് അമ്മയെ രണ്ടാം പ്രതി ആക്കി കേസെടുത്തത്.

Similar News