ട്രെയിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം; തർക്കത്തിനിടെ പുറത്തേക്ക് ചാടി; കാലൊടിഞ്ഞ പ്രതി ആശുപത്രിയിൽ വച്ച് അറസ്റ്റിൽ
കണ്ണൂർ: ട്രെയിനുള്ളിൽ നഴ്‌സിങ് വിദ്യാർഥിനിക്ക് നേരെ പീഡന ശ്രമം. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിൽ വെച്ചാണ് കോട്ടയം സ്വദേശിയായ പെൺകുട്ടിക്ക് നേരെ പീഡനശ്രമം ഉണ്ടായത്. തർക്കത്തിനിടെ തീവണ്ടിയിൽനിന്ന് ചാടി കാലൊടിഞ്ഞ പ്രതി ആശുപത്രിയിൽ പിടിയിൽ.
കണ്ണൂർ മൊകേരി മുതിയങ്ങ കുടുവൻപറമ്പത്ത് ധർമരാജൻ (53) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തുനിന്ന് വ്യാഴാഴ്ച പുറപ്പെട്ട മാവേലി എക്സ്പ്രസിന്റെ (16604) ജനറൽ കോച്ചിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്.
യുവതി ചോദ്യംചെയ്തപ്പോഴുണ്ടായ തർക്കത്തിനിടെ ധർമരാജൻ അപായച്ചങ്ങല വലിച്ച് തീവണ്ടിയിൽനിന്ന് ചാടുകയായിരുന്നു. ഇരുകാലുകൾക്കും പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അറസ്റ്റ്. തർക്കത്തിനിടെ യുവതിയെടുത്ത ഫോട്ടോയാണ് പ്രതിയെ പിടിക്കാൻ സഹായകരമായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.