തിരുവനന്തപുരത്ത് അനധികൃതമായി നീന്തൽകുളത്തിന്റെ നിർമാണം; അനുമതി കൊമേഴ്‌സ്യൽ വിഭാഗത്തിൽ കെട്ടിട നിർമാണത്തിനെന്ന് വിവരാവകാശ രേഖ; പരാതി ഉയർന്നിട്ടും നിർമാണം തകൃതി

Update: 2025-03-25 13:02 GMT

തിരുവനന്തപുരം: മാണിക്കൽ പിരപ്പൻകോട് അനധികൃതമായി നീന്തൽ കുളത്തിന്റെ നിർമാണം നടക്കുന്നതായി പരാതി ഉയർന്നിട്ടും നടപടി വൈകുന്നത് ഉടമയുടെ ഉന്നത ബന്ധത്തെ തുടർന്നെന്ന് സൂചന. പഞ്ചായത്തിൽ നിന്നും അനുമതി വാങ്ങാതെയാണ് നീന്തൽ കുളം നിർമിക്കുന്നതെന്നാണ് ആരോപണം. സമീപവാസിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നീന്തൽ കുളം നിർമിക്കുന്നതിനായി അനുമതി നൽകിയിട്ടില്ലെന്ന് ഈ മാസം നാലിന് ലഭിച്ച വിവരാവകാശ രേഖ പറയുന്നത്. ജനുവരി 27നാണ് നീന്തൽ കുളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പരാതിയെ തുടർന്ന് വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ അനുമതി ഇല്ലാതെയാണ് നീന്തൽകുളത്തിന്റെ നിർമാണം നടക്കുന്നതെന്ന് കണ്ടെത്തിയിട്ടും മറ്റ് നടപടികൾ സ്വീകരിക്കാൻ വൈകുന്നതായാണ് പരാതിക്കാരി പറയുന്നത്.

പഞ്ചായത്തിൽ നിന്നും കൊമേഴ്‌സ്യൽ വിഭാഗത്തിൽ കെട്ടിടം നിർമിക്കാനായാണ് അനുമതി നല്കിയിരിക്കുന്നതെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടസ്ഥതയിലുള്ള സ്ഥലത്താണ് അനധികൃതമായി നീന്തൽ കുളം നിർമിക്കുന്നത്. ഇതിനായി അധികാരികളുടെ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്. പഞ്ചായത്തിലും, ഭൂഗർഭജല വകുപ്പിലും ഉൾപ്പെടെ പരാതി നൽകിയിട്ടും നിർമാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണെന്നാണ് പരാതിക്കാരി പറയുന്നത്. മാർച്ച് 27ന് നീന്തൽ കുളത്തിന്റെ ഉദ്ഘാടനം നടക്കുമെന്നുമാണ് സൂചന.

തദ്ദേശ സ്വയംഭരണ വകുപ്പ് വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു. ചരിഞ്ഞ ഭൂപ്രദേശത്താണ് കുളം നിറക്കുന്നതിനായുള്ള കുഴൽക്കിണർ നിർമിച്ചിരിക്കുന്നത്. ഇത് സമീപപ്രദേശങ്ങളിലെ ജലസ്രോതസ്സുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നു. കുഴൽകിണർ നിർമാണത്തിനായുള്ള അനുമതി ലഭിച്ചിട്ടില്ലെങ്കിൽ പൊതു സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി പെർമിറ്റിന്റെ പുനഃപരിശോധന നടത്തണമെന്നും പരാതിയിൽ പറയുന്നു. കുളം നികത്തുന്നതിനായി നിർമ്മിച്ച കുഴൽക്കിണറിന് ഉടമ കേരള ഭൂഗർഭജല അതോറിറ്റിയിൽ നിന്നും അനുമതി നേടണം. അല്ലാത്ത പക്ഷം കുഴൽകിണർ നിർമാണം 2002ലെ കേരള ഭൂഗർഭജല നിയമത്തിന്റെ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News