ട്യൂഷൻ കഴിഞ്ഞ് മടങ്ങവേ കൊടുംക്രൂരത; ഓഫീസ് മുറിയിലെത്തിച്ച് പീഡിപ്പിച്ചു; കേസിൽ അമ്മയുടെ അമ്മാവനെ 29 വർഷം കഠിന തടവിന് വിധിച്ച് കോടതി
മലപ്പുറം: ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ബസ് സ്റ്റാൻഡിലെത്തിയ പെണ്‍കുട്ടിയെ ഓഫീസ് റൂമിലേക്ക് നിര്‍ബ്ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്ത കേസിൽ ബന്ധുവായ 67 കാരന് 29 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ. പതിനാറുകാരിയെയാണ് ഇയാൾ ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. മഞ്ചേരി ഫാസ്‌റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതിയാണ് 29 വര്‍ഷം കഠിന തടവും 100000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
പെണ്‍കുട്ടിയുടെ മാതാവിന്റെ അമ്മാവനായ പ്രതിയെയാണ് ജഡ്‌ജ് എസ് രശ്‌മി ശിക്ഷിച്ചത്. 2022 ജനുവരി 31നാണ് കേസിന് ആസ്പദമായ സംഭവം. വൈകീട്ട് നാലരക്ക് ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ എത്തിയതായിരുന്നു പെണ്‍കുട്ടി. ഇവിടെ നിന്നും ബസ് സ്‌റ്റാന്റിനടുത്തുള്ള പ്രതിയുടെ ഓഫീസ് റൂമിലേക്ക് നിര്‍ബ്ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്‌തുവെന്നാണ് കേസ്.
കൊണ്ടോട്ടി പോലീസ് സബ് ഇന്‍സ്‌പെക്‌ടറായിരുന്ന ഫാതില്‍ റഹ്‌മാന്‍ രജിസ്‌റ്റര്‍ ചെയ്‌ത് ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്‌ത കേസില്‍ പോലീസ് ഇന്‍സ്‌പെക്‌ടറായിരുന്ന കെ എന്‍ മനോജ് ആണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.