സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞു പോക്ക്; രണ്ട് വര്‍ഷത്തിനിടെ കുറഞ്ഞത് അരലക്ഷം കുട്ടികള്‍

സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞു പോക്ക്; രണ്ട് വര്‍ഷത്തിനിടെ കുറഞ്ഞത് അരലക്ഷം കുട്ടികള്‍

Update: 2024-10-18 01:48 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കെന്ന് കണക്കുകള്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും അരലക്ഷത്തോളം കുട്ടികള്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഈ അധ്യയനവര്‍ഷം രണ്ടുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളില്‍ 25,612 കുട്ടികളുടെ കുറവുണ്ടെന്നും വിദ്യാഭ്യാസ വകുപ്പുതന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചാംക്ലാസിലാണ് ഏറ്റവും കൂടുതല്‍ കൊഴിഞ്ഞു പോക്ക്, 18,845 കുട്ടികള്‍ കൊഴിഞ്ഞുപോയി.

കോവിഡ് ദുരിതത്തില്‍നിന്ന് കരയേറിയശേഷമുള്ള 2022-'23 അധ്യയനവര്‍ഷം മുതലാണ് സര്‍ക്കാര്‍ സ്‌കൂളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. ആ വര്‍ഷം അഞ്ചാം ക്ലാസില്‍നിന്ന് 7134 പേര്‍ കൊഴിഞ്ഞു പോയി. കഴിഞ്ഞ അധ്യയനവര്‍ഷം രണ്ടുമുതല്‍ ഏഴുവരെ ക്ലാസുകളിലായി 22,975 വിദ്യാര്‍ഥികള്‍ കൊഴിഞ്ഞു. അന്നും അഞ്ചാം ക്ലാസിലായിരുന്നു കൂടുതല്‍-17,122 പേര്‍. അതേസമയം, എയ്ഡഡ് സ്‌കൂളുകളെ കൊഴിഞ്ഞുപോക്ക് കാര്യമായി ബാധിച്ചിട്ടില്ല. കഴിഞ്ഞ അധ്യയനവര്‍ഷം 599 വിദ്യാര്‍ഥികളേ പോയിട്ടുള്ളൂ. ഈ വര്‍ഷം 564.

2022-'23 അധ്യയനവര്‍ഷം സര്‍ക്കാര്‍ സ്‌കൂളില്‍ രണ്ടുമുതല്‍ പത്തുവരെ ക്ലാസുകളിലായി 44,915 കുട്ടികള്‍ പുതുതായി ചേര്‍ന്നിരുന്നു. കഴിഞ്ഞ അധ്യയനവര്‍ഷമാവട്ടെ, എട്ടില്‍-17,503, ഒമ്പതില്‍-344, പത്തില്‍ 329 എന്നിങ്ങനെ 18,176 കുട്ടികളേ പുതുതായി പ്രവേശനം നേടിയിട്ടുള്ളൂ. ഈ അധ്യയനവര്‍ഷം എട്ടില്‍-15,573, ഒമ്പതില്‍-1025, പത്തില്‍ 573 എന്നിങ്ങനെ 17,171 കുട്ടികളേ പുതുതായി ചേര്‍ന്നിട്ടുള്ളൂ. സര്‍ക്കാര്‍ സ്‌കൂളിലെ കൊഴിഞ്ഞുപോക്കിന് ആനുപാതികമായ വര്‍ധന എയ്ഡഡ് സ്‌കൂളില്‍ വന്നിട്ടില്ല. കേന്ദ്ര സിലബസിലേക്കോ അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കോ പോയിരിക്കാനാണ് സാധ്യത.

Tags:    

Similar News