കനത്ത സുരക്ഷയില്‍ ഇന്നലെ നീറ്റ് യുജി എഴുതിയത് 20 ലക്ഷത്തിലധികം പേര്‍; പരീക്ഷ നടന്നത് 500 നഗരങ്ങളിലായി 5,435 സെന്ററുകളില്‍: കുഴപ്പിച്ച് ഫിസിക്‌സ്
നീറ്റ് യുജി എഴുതിയത് 20 ലക്ഷത്തിലധികം പേര്‍
ന്യൂഡല്‍ഹി/തിരുവനന്തപുരം: മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി എഴുതിയത് രാജ്യത്തെ 20 ലക്ഷത്തിലധികം പരീക്ഷാര്‍ഥികള്‍. 500 നഗരങ്ങളിലായി 5,435 സെന്ററുകളിലാണു പരീക്ഷ നടന്നത്. 22.7 ലക്ഷം പേരാണ് റജിസ്റ്റര്‍ ചെയ്തിരുന്നത്. അതില്‍ 20 ലക്ഷം പേരും പരീക്ഷ എഴുതി. ഫിസിക്‌സ് വിദ്യാര്‍ഥികളെ കുഴപ്പിച്ചു. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളെ അപേക്ഷിച്ച് ബയോളജി താരതമ്യേന എളുപ്പമായിരുന്നുവെന്നും കുട്ടികള്‍ പറഞ്ഞു. അനുവദിച്ച സമയത്തിനുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കാനായില്ലെന്നും പരാതിയുണ്ട്. സംസ്ഥാനത്ത് 334 പരീക്ഷാ കേന്ദ്രങ്ങളിലായി 1.3 ലക്ഷത്തോളം പേരാണ് ഇന്നലെ പരീക്ഷ എഴുതിയത്. ചില കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന ഫോട്ടോ പ്രശ്‌നമായി.
പാസ്‌പോര്‍ട്ട്, പോസ്റ്റ്കാര്‍ഡ് സൈസില്‍ 2 ഫോട്ടോ കയ്യില്‍ കരുതണമെന്ന നിര്‍ദേശമുണ്ടായിരുന്നെങ്കിലും ചിലര്‍ രണ്ടു ഫോട്ടോകളും പാസ്‌പോര്‍ട്ട് സൈസിലുള്ളതാണ് കൊണ്ടുവന്നത്. പിന്നീട് രക്ഷിതാക്കള്‍ പോസ്റ്റ്കാര്‍ഡ് സൈസ് ഫോട്ടോ എത്തിക്കുകയായിരുന്നു.ഇതിനിടെ, 40 ലക്ഷം രൂപയ്ക്ക് നീറ്റ് ചോദ്യ പേപ്പര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത 3 പേരെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ സ്വദേശികളായ ബല്‍വാന്‍ (27), മുകേഷ് മീണ (40), ഹര്‍ദാസ് (38) എന്നിവരാണ് അറസ്റ്റിലായത്. ഗുരുഗ്രാമിലെ ഒരു പരീക്ഷാര്‍ഥിയെ സമീപിച്ച സംഘം പണം നല്‍കിയാല്‍ ചോദ്യപേപ്പര്‍ തരാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.