എരുമേലി ചന്ദനക്കുടം ഇന്ന്; പേട്ട തുള്ളല്‍ നാളെ: ആദ്യം പേട്ടതുള്ളുന്നത് അമ്പലപ്പുഴ സംഘം

എരുമേലി ചന്ദനക്കുടം ഇന്ന്; പേട്ട തുള്ളല്‍ നാളെ: ആദ്യം പേട്ടതുള്ളുന്നത് അമ്പലപ്പുഴ സംഘം

Update: 2025-01-10 00:50 GMT

എരുമേലി: ശബരിമല മണ്ഡലകാലത്തില്‍ ഇനി മതസൗഹാര്‍ദം തുളുമ്പുന്ന രാപകലുകള്‍. ആത്മബന്ധങ്ങളുടെ പുണ്യവുമായി വെള്ളിയാഴ്ച ചന്ദനക്കുടം ഉത്സവവും ശനിയാഴ്ച എരുമേലി പേട്ടതുള്ളലും. വെള്ളിയാഴ്ച വൈകീട്ട് നാലിന് ചന്ദനക്കുടം ആഘോഷത്തിന് മുന്നോടിയായുള്ള മതസൗഹൃദ സദസ്സ് ആന്റോ ആന്റണി എം.പി. ഉദ്ഘാടനംചെയ്യും. ജമാഅത്ത് പ്രസിഡന്റ് നാസര്‍ പനച്ചി അധ്യക്ഷതവഹിക്കും. ജമാഅത്ത് ഭാരവാഹികളും, അമ്പലപ്പുഴ, ആലങ്ങാട് പേട്ടസംഘങ്ങളും വിവിധ സമുദായപ്രതിനിധികളും പങ്കെടുക്കും.

മസ്ജിദില്‍ മഗ്രിബ് നമസ്‌കാരത്തിനുശേഷം 6.15-ന് നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനംചെയ്യും. ഏഴിന് ചന്ദനക്കുടം ഘോഷയാത്ര മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്ളാഗോഫ് ചെയ്യും. നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകള്‍ അണിനിരക്കുന്ന ചന്ദനക്കുടം ഘോഷയാത്രയില്‍ വിവിധ വാദ്യമേളങ്ങളും കലാരൂപങ്ങളും മാറ്റുകൂട്ടും.

ആദ്യം പേട്ടതുള്ളുന്നത് അമ്പലപ്പുഴ സംഘം

ശനിയാഴ്ചയാണ് പ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ എരുമേലി പേട്ടതുള്ളല്‍. സമൂഹപെരിയോന്‍ എന്‍. ഗോപാലകൃഷ്ണപിള്ള അമ്പലപ്പുഴ സംഘത്തെ നയിക്കും. അമ്പാടത്ത് എ.കെ. വിജയകുമാറാണ് ആലങ്ങാട് യോഗം പെരിയോന്‍.

ആദ്യം പേട്ടതുള്ളുന്നത് അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴക്കാരാണ്. രണ്ടാമതാണ് പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍. വിവിധ ചായങ്ങള്‍ തേച്ച് രൗദ്രഭാവമാണ് അമ്പലപ്പുഴ പേട്ടതുള്ളലിന്റെ പ്രത്യേകത. ഉത്തരീയം ചുറ്റി ഭസ്മവും കളഭവും തേച്ച് ചിന്തുപാട്ടിന്റെ അകമ്പടിയില്‍ ശാന്തമായാണ് ആലങ്ങാട് പേട്ടതുള്ളല്‍.

Tags:    

Similar News