മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം; ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ ഇന്ന്: തിരുവാഭരണ ഘോഷയാത്ര നാളെ

മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം; ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ ഇന്ന്

Update: 2025-01-11 03:08 GMT

ശബരിമല: മകര വിളക്കിനൊരുങ്ങി ശബരിമല സന്നിധാനം. ജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തെക്ക് മലകയറുകയാണ് ഭക്തര്‍. ദര്‍ശനം കഴിഞ്ഞവര്‍ മലയിറങ്ങാതെ ജ്യോതി കാണാവുന്ന സ്ഥലങ്ങളിലേക്ക് കാടു കയറുകയാണ്. അമ്പലപ്പുഴ - ആലങ്ങാട് സംഘത്തിന്റെ ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും. തിരുവാഭരണ ഘോഷയാത്ര നാളെ പന്തളത്തു നിന്നു പുറപ്പെടും. ജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ ക്യാംപ് ചെയ്തു തുടങ്ങിയതോടെ സന്നിധാനത്ത് തിരക്ക് കൂടി. ദര്‍ശനം കഴിയുന്നവര്‍ മലയിറങ്ങാതെ ജ്യോതി കാണാവുന്ന സ്ഥലങ്ങള്‍ നോക്കി പാണ്ടിത്താവളം മേഖലയിലേക്കു കയറുകയാണ്.

തിരുവാഭരണ ഘോഷയാത്ര നാളെ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. മകരസംക്രമ പൂജയ്ക്കും തിരുവാഭരണം ചാര്‍ത്തി ദീപാരാധനയ്ക്കും ദേവനെയും ശ്രീലകവുമൊരുക്കുന്ന ശുദ്ധിക്രിയകള്‍ നാളെ തുടങ്ങും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് ബ്രഹമദത്തന്റെ കാര്‍മികത്വത്തില്‍ പ്രാസാദ ശുദ്ധി ക്രിയകള്‍ നടക്കും. 13ന് ബിംബശുദ്ധിക്രിയകള്‍ ശ്രീകോവിലിനുള്ളിലും നടക്കും.

മകരവിളക്ക് ദിവസമായ 14ന് സാധാരണ പോലെ 7.30ന് ഉഷഃപൂജ നടക്കും. 8ന് പൂര്‍ത്തിയാകും. 8.30ന് ശ്രീകോവില്‍ കഴുകി മകര സംക്രമ പൂജയ്ക്കായി അയ്യപ്പ സ്വാമിയെ ഒരുക്കും. 8.50 മുതല്‍ 9.30 വരെ സംക്രമ പൂജയും അഭിഷേകവും തുടരും. പതിനെട്ടാംപടി കയറാനും ദര്‍ശനത്തിനും തീര്‍ഥാടകരുടെ നീണ്ട നിരയാണ് ശബരിമലയില്‍. പമ്പയില്‍ നിന്നു സന്നിധാനത്തേക്കുള്ള പാത തിങ്ങിനിറഞ്ഞാണ് തീര്‍ഥാടകര്‍ മലകയറുന്നത്. വെര്‍ച്വല്‍ ക്യു, സ്‌പോട് ബുക്കിങ് എന്നിവയില്‍ ഏതെങ്കിലും പാസ് ഇല്ലാത്തവരെ നിലയ്ക്കല്‍ നിന്നു പമ്പയിലേക്ക് കടത്തിവിടുന്നില്ല. തിരക്കു നിയന്ത്രണം പൊലീസ് കര്‍ശനമാക്കിയിട്ടുണ്ട്.

Tags:    

Similar News