ചികിത്സയ്ക്ക് എത്തിയ രോഗിയെ സ്‌കാനിങ്ങിന് കയറ്റിയപ്പോള്‍ കൈവശം കഞ്ചാവ്; കേസെടുത്ത് പൊലീസ്
ചികിത്സയ്ക്ക് എത്തിയ രോഗിയെ സ്‌കാനിങ്ങിന് കയറ്റിയപ്പോള്‍ കൈവശം കഞ്ചാവ്; കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: അപകടത്തില്‍പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ എത്തിയ രോഗിയില്‍ നിന്ന് കഞ്ചാവ് പിടികൂടി. രോഗിയെ സ്‌കാനിങ്ങിന് കയറ്റിയപ്പോളാണ് കഞ്ചാവ് പിടിച്ചെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആണ് സംഭവം. 20 ഗ്രാം കഞ്ചാവ് പൊതിയാണ് പിടികൂടിയത്.
രോഗിയില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത് പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് കേസെടുത്തു. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികെയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ മൂന്ന്) സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2139 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 114 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
134 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (9.08 ഗ്രാം), കഞ്ചാവ് (3.408 കി.ഗ്രാം), കഞ്ചാവ് ബീഡി (78 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രില്‍ മൂന്ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.