കുട്ടികളുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞു അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിന് സാധിക്കണം; കുട്ടികളുടെ വായനയും സര്‍ഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണമെന്ന് മന്ത്രി ഡോ ആര്‍ ബിന്ദു
തിരുവനന്തപുരം: കുട്ടികളുടെ ഊര്‍ജത്തെ ശരിയായ ദിശയിലേക്ക് വഴി തിരിച്ചു വിടാന്‍ കഴിയണമെന്നും അതിനായി അവരുടെ വായനയും സര്‍ഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു. സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ നവീകരിച്ച ആഡിറ്റോറിയവും സമ്മര്‍ സ്‌കൂളും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടികളുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞു അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിന് സാധിക്കണം. കുട്ടികള്‍ ഹൃദയവിശാലതയുള്ളവരായി വളരണം. കുട്ടികളില്‍ ഹിംസത്മക ചിന്തകള്‍ വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. പരസ്പരം സഹകരിച്ചും കൂട്ടുകൂടിയും പഠിച്ചും പുസ്തകങ്ങള്‍ വായിച്ചും കളിച്ചും കുട്ടികള്‍ വളരണം. ഫോണ്‍ സ്‌ക്രീനുകളില്‍ നിന്നും മാറ്റി കഥയിലേക്കും കവിതയിലേക്കും കളികളിലേക്കും കുട്ടികളെ തിരിച്ചു കൊണ്ടുവരുന്നതിന് മാതാപിതാക്കളും ശ്രദ്ധിക്കണം. സമ്മര്‍ സ്‌കൂളുകളുടെ വൈവിധ്യമുള്ള ഉള്ളടക്കം ഇതിന് സഹായകമാകുന്ന രീതിയിലാണ് അവിഷ്‌ക്കരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
ഇന്നത്തത്തെ സമൂഹത്തില്‍ കുട്ടികള്‍ വീടിനകത്ത് ഒറ്റപ്പെടുന്ന സ്ഥിതിയുണ്ട്. സ്‌ക്രീനുകളിലൂടെ മാത്രം കാര്യങ്ങള്‍ അനുഭവിക്കുമ്പോള്‍ കുട്ടികളില്‍ വൈകാരികമായ അടുപ്പവും ഊഷ്മളതയും നഷ്ട്ടപ്പെടുന്നുണ്ട്. ആധുനികമായ ഇത്തരം സാഹചര്യങ്ങള്‍ കുട്ടികളില്‍ മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നു. കുട്ടികളെ കൃത്യമായി വാര്‍ത്തെടുക്കുന്നതില്‍ സമൂഹത്തിനു വളരെ പ്രധാന ദൗത്യമാണുള്ളത്. അക്രമങ്ങള്‍ക്കെതിരെയും ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിലും പ്രവര്‍ത്തനത്തിലും കേരളം ലോകത്തിന് മാതൃകയാവുന്ന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്റ്റേറ്റ് ലൈബ്രറേറിയന്‍ ശോഭന പി കെ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ലൈബ്രറി ഉപദേശക സമിതി അംഗങ്ങളായ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ കെ എസ് രവികുമാര്‍, ചിത്രകാരി സജിത ആര്‍ ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെയ് 9 വരെയാണ് സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ സമ്മര്‍ സ്‌കൂള്‍ നടക്കുന്നത്.