എംഎല്‍എ ഓഫീസില്‍ ആക്രമണം; മുതലപ്പൊഴി വിഷയത്തില്‍ ഒരു വിഭാഗം ആളുകള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി; പൊഴി മുറിക്കുന്നതിന് തുടക്കം

Update: 2025-04-22 11:11 GMT

തിരുവനന്തപുരം: മുതലപ്പൊഴി വിഷയത്തില്‍ ഒരു വിഭാഗം ആളുകള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നെന്ന് മന്ത്രി വി. ശിവന്‍കുട്ടി. വിഷയവുമായി ബന്ധപ്പെട്ട് എംഎല്‍എ വി. ശശിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് ജനാധിപത്യത്തിന്റെ എല്ലാ അതിരുകളെയും ലംഘിച്ചുകൊണ്ടാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി.

മുതലപ്പൊഴിയില്‍ പ്രശ്‌ന പരിഹാരത്തിന് അശ്രാന്ത പരിശ്രമം നടത്തിയയാളാണ് വി. ശശിയെന്നും അദ്ദേഹത്തിന്റെ ഓഫീസ് അടിച്ച് തകര്‍ത്തവര്‍ക്കെതിരേ പോലീസ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, മുതലപ്പൊഴിയില്‍ പൊഴി മുറിക്കല്‍ നടപടി തുടങ്ങി. ജെസിബി ഉപയോഗിച്ച് മണല്‍ നീക്കം ചെയ്യാനുള്ള ജോലികള്‍ രാവിലെ മുതല്‍ ആരംഭിച്ചു. മൂന്ന് മീറ്റര്‍ ആഴത്തിലും 13 മീറ്റര്‍ വീതിയിലുമാണ് പൊഴി മുറിക്കുന്നത്.

വലിയ ഡ്രഡ്ജര്‍ ഉപയോഗിച്ച് പൊഴിമുഖത്ത് അടിഞ്ഞ് കൂടിയ മണല്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒന്നരമാസമായി മത്സ്യത്തൊഴിലാളികള്‍ സമരത്തിലായിരുന്നു. കഴിഞ്ഞയാഴ്ച പൊഴി മുറിയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ മടങ്ങി. വലിയ ഡ്രഡ്ജര്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാമെന്ന ഉറപ്പിന്‍മേലാണ് ഇന്ന് പൊഴി മുറിയ്ക്കല്‍ നടപടികള്‍ അനുവദിക്കാന്‍ സമരസമിതി തീരുമാനിച്ചത്.

Similar News