കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം കുറയുന്നു; 2021 മുതല്‍ 24 വരെ കേരളത്തിലെ 201 സ്‌കൂളുകള്‍ പൂട്ടിയതായി കേന്ദ്രം
കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം കുറയുന്നു; 2021 മുതല്‍ 24 വരെ കേരളത്തിലെ 201 സ്‌കൂളുകള്‍ പൂട്ടിയതായി കേന്ദ്രം
ന്യൂഡല്‍ഹി: കേരളത്തിലെ സര്‍ക്കാര്‍സ്‌കൂളുകളുടെ എണ്ണം കുറയുന്നെന്ന കണക്കുകളുമായി കേന്ദ്രസര്‍ക്കാര്‍. 2021-22 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ 201 സ്‌കൂളുകള്‍ പൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസസഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയില്‍ കെ. രാധാകൃഷ്ണനെ അറിയിച്ചു. രാജ്യത്താകെ സര്‍ക്കാര്‍സ്‌കൂളുകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2021-22 വര്‍ഷത്തില്‍ കേരളത്തില്‍ 5010 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, 2023-24 ആയപ്പോഴേക്കും സ്‌കൂളുകളുടെ എണ്ണം 4809 ആയി കുറഞ്ഞു. രണ്ടുവര്‍ഷത്തിനുള്ളില്‍മാത്രം 201 സര്‍ക്കാര്‍ സ്‌കൂളുകള്‍ കുറഞ്ഞതായി അദ്ദേഹം പറയുന്നു.
2019-20-ല്‍ 5014 സര്‍ക്കാര്‍ സ്‌കൂളുകളുണ്ടായിരുന്നു. അത് 2020-21-ല്‍ 5020, 2021-22-ല്‍ 5010, 2022-23-ല്‍ 4811, 2023-24-ല്‍ 4809 എന്നിങ്ങനെയായെന്നും മറുപടിയില്‍ പറയുന്നു. മിക്കസംസ്ഥാനങ്ങളിലും സര്‍ക്കാര്‍സ്‌കൂളുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ട്.
അതേസമയം ഛത്തീസ്ഗഢ്, തമിഴ്‌നാട്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാര്‍സ്‌കൂളുകളുടെ എണ്ണംകൂടിയിട്ടുണ്ടെന്നും കേന്ദ്രം മറുപടിയില്‍ വ്യക്തമാക്കി.