പ്രത്യുല്‍പ്പാദന ആരോഗ്യത്തെക്കുറിച്ചും സാങ്കേതിക വശങ്ങളെക്കുറിച്ചും അവര്‍ വിശദമായി പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു; ഇതൊരു സര്‍ക്കാര്‍ ആശുപത്രിയാണെന്ന് തോന്നിയതേയില്ല; മന്ത്രിക്കെത്തിയ ഒരു കുറിപ്പ് ചര്‍ച്ചയില്‍

Update: 2025-12-07 05:51 GMT

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ദമ്പതികള്‍ക്ക് കുഞ്ഞുപിറന്നു. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ഥ്യമാക്കിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തിന് നന്ദി അറിയിച്ച് ദമ്പതികള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്തയച്ചു.

ആറുവര്‍ഷംമുമ്പാണ് ദമ്പതികള്‍ എസ്എടി ആശുപത്രിയെ സമീപിക്കുന്നത്. സാധാരണക്കാരായ നൂറുകണക്കിന് ദമ്പതികള്‍ക്ക് ആശ്വാസമായി മാറുന്ന ഈ സ്ഥാപനം അവര്‍ക്കും പ്രതീക്ഷയേകി. ഈ വര്‍ഷം ആദ്യം നടത്തിയ ഐവിഎഫ് എംബ്രിയോ ട്രാന്‍സ്ഫര്‍ ചികിത്സയില്‍ യുവതി ഗര്‍ഭം ധരിച്ചു. സെപ്തംബറില്‍ കുഞ്ഞ് പിറന്നു. സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന ചെലവില്‍ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുകയാണ് എസ്എടി. ഐവിഎഫ് ചികിത്സയിലൂടെ അഞ്ഞൂറിലധികം കുഞ്ഞുങ്ങളെയാണ് ഇതിനകം സമ്മാനിച്ചത്. വന്‍കിട കോര്‍പറേറ്റ് ആശുപത്രികളെപ്പോലും വെല്ലുന്ന അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

ഹോര്‍മോണ്‍ ചികിത്സ, സര്‍ജറി, ഐവിഎഫ്, ഇന്‍ട്രാ സൈറ്റോപ്ലാസ്മിക് സ്പേം ഇഞ്ചക്ഷന്‍ സംവിധാനങ്ങളുണ്ട്. അര്‍ബുദ രോഗികള്‍ക്ക് കീമോതെറാപ്പിക്കോ റേഡിയേഷനോ മുമ്പ് അണ്ഡം, ബീജം, ഭ്രൂണം എന്നിവ സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഇതുകൂടാതെ അര്‍ബുദമോ മറ്റ് രോഗങ്ങളോ ബാധിച്ചവര്‍ക്ക് അണ്ഡം സൂക്ഷിച്ചുവയ്ക്കാനുള്ള ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ പ്രോഗ്രാമും ആരംഭിച്ചു. ചികിത്സാചെലവ് കുറവാണെന്നതിലുപരി, പ്രത്യുല്‍പ്പാദന ആരോഗ്യത്തെക്കുറിച്ചും സാങ്കേതിക വശങ്ങളെക്കുറിച്ചും അവര്‍ വിശദമായി പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു. ഇതൊരു സര്‍ക്കാര്‍ ആശുപത്രിയാണെന്ന് തോന്നിയതേയില്ല സന്തോഷം പങ്കുവച്ച് ദമ്പതികള്‍ മന്ത്രിക്ക് അയച്ച കത്തില്‍ കുറിച്ചു.

തിങ്കള്‍മുതല്‍ ശനിവരെയാണ് ഒപി സേവനം. ദമ്പതികള്‍ ഒരുമിച്ചാണ് ചികിത്സയ്ക്കായി എത്തേണ്ടത്. കൗണ്‍സലിങ് ഉള്‍പ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ചികിത്സ.

Similar News