വയനാട് പ്രതീക്ഷയില്‍; കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയ്ക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു

Update: 2026-03-06 07:06 GMT

തിരുവനന്തപുരം: കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. മലബാര്‍ മേഖലയുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുന്ന ഈ പദ്ധതി, ഇന്ത്യയിലെ തന്നെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ഇരട്ട ട്യൂബ് ടണലാണ്. 2134 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കിഫ്ബി വഴിയാണ് ധനസഹായം ഉറപ്പാക്കിയിരിക്കുന്നത്.

താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ വയനാട്ടിലേക്ക് എത്താം എന്നതാണ് ഈ തുരങ്കപാതയുടെ പ്രധാന ആകര്‍ഷണം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ദൂരലാഭം ഉണ്ടാകും. കോഴിക്കോട് - വയനാട് ദൂരത്തില്‍ ഏകദേശം 35 കിലോമീറ്ററോളം കുറവുണ്ടാകും. ഒന്നര മണിക്കൂറോളം യാത്രാസമയം ലാഭിക്കാന്‍ സാധിക്കും. 8.73 കിലോമീറ്റര്‍ നീളത്തിലാണ് ഈ അത്യാധുനിക തുരങ്കം നിര്‍മ്മിക്കുന്നത്.

ലോകനിലവാരത്തിലുള്ള ഓസ്ട്രേലിയന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തുരങ്കത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. പരിസ്ഥിതിക്ക് ആഘാതം കുറഞ്ഞ രീതിയിലുള്ള നിര്‍മ്മാണത്തിനാണ് മുന്‍ഗണന നല്‍കുന്നത്. കിഫ്ബി വഴി സംസ്ഥാനത്ത് ഇതുവരെ ഒരു ലക്ഷത്തി പതിനായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് ധനലഭ്യത ഉറപ്പാക്കിയതായി ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. വയനാടിന്റെ ടൂറിസം, കാര്‍ഷിക മേഖലകള്‍ക്ക് പുതിയ ഉണര്‍വ് നല്‍കുന്ന ഈ പദ്ധതി കേരളത്തിന്റെ വലിയ വികസന സ്വപ്‌നമാണ്.

Similar News