സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു; ആറ് പവൻ സ്വർണവുമായി കടന്നു; പിടിയിലായ കോട്ടക്കലുകാരൻ മുഹമ്മദ് ജസീലിനെതിരെ സമാനമായ മറ്റൊരു പരാതിയും
കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്യുകയും സ്വർണം കവരുകയും ചെയ്ത കേസിൽ 34കാരൻ പിടിയിൽ. കോട്ടക്കൽ നെല്ലിക്കാപറമ്പ് കുഞ്ഞിത്തൊടി വീട്ടിൽ മുഹമ്മദ് ജസീൽ (34) ആണ് കോഴിക്കോട്ട് ടൗൺ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ കോഴിക്കോട്ടെ ഒരു ഹോട്ടലിൽ വെച്ചാണ് നാദാപുരം സ്വദേശിനിയായ യുവതിയെ ഇയാൾ ബലാത്സംഗത്തിനിരയാക്കിയത്.
ഈ കൃത്യത്തിനു ശേഷം യുവതിയുടെ ആറു പവനോളം വരുന്ന സ്വർണാഭരണങ്ങളുമായി പ്രതി കടന്നുകളയുകയായിരുന്നു. പ്രതിക്കെതിരെ സമാനമായ മറ്റൊരു പരാതികൂടി ലഭിച്ചിട്ടുണ്ടെന്ന് ടൗൺ പോലീസ് അറിയിച്ചു. മുഹമ്മദ് ജസീൽ സാമൂഹിക മാധ്യമങ്ങൾ വഴി നിരവധി സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും, അവരെ വഞ്ചിക്കുകയും കെണിയിലാക്കുകയും ചെയ്യുന്ന പതിവുള്ളതായി പ്രാഥമിക അന്വേഷണത്തിൽ വെളിപ്പെട്ടു.
ഇയാളുടെ തട്ടിപ്പുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഫോൺ രേഖകളും മറ്റ് ഡിജിറ്റൽ തെളിവുകളും പോലീസ് പരിശോധിച്ചുവരികയാണ്. കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രിയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തന്ത്രപരമായി കസ്റ്റഡിയിലെടുത്തത്. സബ് ഇൻസ്‌പെക്ടർ മീജോ ജോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജീഷ്, ജിനേഷ്, അരുൺ എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.