സൈനികര്‍ക്ക് ആജീവനാന്ത സൗജന്യ റെയില്‍വേ യാത്ര; മെഡല്‍ ജേതാക്കളുടെ പങ്കാളികള്‍ക്കും ആനുകൂല്യം; റെയില്‍വേയില്‍ തൊഴില്‍ സംവരണവും
കൊച്ചി: രാജ്യത്തിന്റെ കാവല്‍ക്കാരായ സൈനികര്‍ക്ക് ആദരവുമായി കേന്ദ്ര സര്‍ക്കാര്‍. ധീരതയ്ക്കുള്ള മെഡലുകള്‍ നേടിയ സൈനികര്‍ക്ക് ആജീവനാന്തം സൗജന്യ റെയില്‍വേ യാത്ര അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി. സേന മെഡല്‍ ജേതാക്കള്‍ക്കും അവരുടെ പങ്കാളികള്‍ക്കുമാണ് ഈ സുവര്‍ണ്ണാവസരം ലഭിക്കുക. മെഡല്‍ ജേതാക്കള്‍ക്കൊപ്പം ഒരാള്‍ക്ക് കൂടി സൗജന്യമായി യാത്ര ചെയ്യാമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
മരണാനന്തര ബഹുമതി ലഭിച്ച സൈനികരുടെ കാര്യത്തില്‍ അവരുടെ മാതാപിതാക്കള്‍ക്കോ പങ്കാളിക്കോ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും. റെയില്‍വേയുടെ ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് എസി, എസി ചെയര്‍ കാര്‍ എന്നിവയില്‍ ഈ ഇളവ് ലഭ്യമാണ്.
കൂടാതെ, വിരമിച്ച സൈനികര്‍ക്കും അഗ്നിവീര്‍മാര്‍ക്കും റെയില്‍വേയില്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ 'സഹകരണ ചട്ടക്കൂട്' എന്ന പദ്ധതിക്കും തുടക്കമായി. റെയില്‍വേയിലെ വിവിധ തസ്തികകളില്‍ വിരമിച്ച സൈനികര്‍ക്കും അഗ്നിവീര്‍മാര്‍ക്കുമായി പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2024, 2025 വര്‍ഷങ്ങളിലായി ആകെ 14,788 തസ്തികകളാണ് ഇത്തരത്തില്‍ മാറ്റിവച്ചിരിക്കുന്നത്.