ആക്കുളം കണ്ണാടിപ്പാലം: വി.കെ. പ്രശാന്ത് എം.എല്‍.എ. നേതൃത്വം നല്‍കുന്ന സൊസൈറ്റിക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: ആക്കുളത്തെ കണ്ണാടിപ്പാലത്തിന്റെയും അഡ്വഞ്ചര്‍ പാര്‍ക്കിന്റെയും കരാര്‍ നിയമവിരുദ്ധമായി എം.എല്‍.എ. നേതൃത്വം നല്‍കുന്ന സൊസൈറ്റിക്ക് നല്‍കിയെന്ന പരാതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങുന്നു. യുത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വീണ എസ്. നായര്‍ നല്‍കിയ പരാതിയിലാണ് നടപടി. പൂജപ്പുര വിജിലന്‍സ് യൂണിറ്റ് പരാതി സ്വീകരിച്ച് രേഖകള്‍ പരിശോധിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയുടെ കരാറുകള്‍ വൈബ്‌കോസിന് നല്‍കിയത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നാണ് ആരോപണം.
ആക്കുളത്തെ കണ്ണാടിപ്പാലത്തില്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ. വി.കെ. പ്രശാന്ത് ചീഫ് പ്രമോട്ടറായ 'വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് ഒന്‍ട്രപ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി' (വൈബ്‌കോസ്) നല്‍കിയ കരാറിലാണ് അഴിമതി ആരോപിച്ച് വിജിലന്‍സ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പരിശോധന വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2022 ജനുവരിയില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി.) പുറപ്പെടുവിച്ച ടെന്‍ഡര്‍ നോട്ടീസിലെ വ്യവസ്ഥകള്‍ വൈബ്‌കോസ് ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം. ടെന്‍ഡറില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും വര്‍ഷം പത്തുലക്ഷം രൂപയില്‍ കുറയാത്ത വിറ്റുവരവും ഉണ്ടാവണമെന്നായിരുന്നു വ്യവസ്ഥ.
എന്നാല്‍ 2021 ഓഗസ്റ്റില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത വൈബ്‌കോസിന് ഈ പ്രവൃത്തിപരിചയമോ സാമ്പത്തിക രേഖകളോ ഉണ്ടായിരുന്നില്ല. ഈ രേഖകള്‍ സമര്‍പ്പിക്കാതെയാണ് സൊസൈറ്റി കരാര്‍ നേടിയെടുത്തത്. കണ്ണാടിപ്പാലം നിര്‍മാണത്തില്‍ മുന്‍പരിചയമില്ലാത്ത വൈബ്‌കോസിനെ അഡ്വഞ്ചര്‍ ടൂറിസം സര്‍വീസ് പ്രൊവൈഡറായി ടൂറിസം വകുപ്പ് അംഗീകരിക്കുകയായിരുന്നു. ഇതിനുപിന്നാലെ കണ്ണാടിപ്പാലത്തിന്റെ ടെന്‍ഡറില്‍ വൈബ്‌കോസിന് മാത്രം പങ്കെടുക്കാന്‍ കഴിയുംവിധം വ്യവസ്ഥകള്‍ മാറ്റിയതായും പരാതിയില്‍ പറയുന്നു.
4.5 കോടി രൂപ വരെ വാര്‍ഷിക വരുമാനമുള്ള പദ്ധതിയാണ് ആക്കുളത്തേത്. കണ്ണാടിപ്പാലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിന് മുന്‍പുതന്നെ ഗ്ലാസ് പൊട്ടിയത് നേരത്തെ വലിയ വിവാദമായിരുന്നു. എം.എല്‍.എ. നേതൃത്വം നല്‍കുന്ന സൊസൈറ്റിയായതിനാല്‍ കരാര്‍ നല്‍കണമെന്ന് വൈബ്‌കോസ് സെക്രട്ടറി ഡി.ടി.പി.സി.ക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ രേഖകള്‍ പരിശോധിക്കുന്നതോടെ സംഭവത്തില്‍ വിജിലന്‍സ് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങും.
