പരിശീലന ക്ലാസില്‍ പങ്കെടുത്തത് വെറുതെയായില്ല; വഴിയില്‍ കുഴഞ്ഞ് വീണ യുവതിക്ക് സിപിആര്‍ നല്‍കി ജീവിതത്തിലേക്ക് തിരികെ കയറ്റി അമൃത

കുഴഞ്ഞ് വീണ യുവതിക്ക് സിപിആര്‍ നല്‍കി ജീവിതത്തിലേക്ക് തിരികെ കയറ്റി അമൃത

Update: 2026-03-14 04:13 GMT

കോഴിക്കോട്: വഴിയരികില്‍ കുഴഞ്ഞു വീണ യുവതിക്ക് സിപിആര്‍ നല്‍കി ജീവിതത്തിലേക്ക് തിരികെ കൈ പിടിച്ചുയര്‍ത്തി അമൃത. ജീവന്‍ രക്ഷാ പരിശീലന ക്ലാസില്‍ പങ്കെടുത്തതാണ് ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ അമൃതയെ സഹായിച്ചത്. ബോധം മറഞ്ഞ് താഴെ വീഴാന്‍ പോയ യുവതിയെ ലോകനാര്‍കാവിലെ വടക്കേ പുതിയോട്ടില്‍ അമൃതയും കൂട്ടുകാരി ഷിംനാ ശ്രീജേഷും ചേര്‍ന്നാണ് ജീവിതത്തിലേക്ക് തിരികെ കയറ്റിയത്.

അമൃതയും ഷിംനയും പുതിയാപ്പ് മാക്കൂല്‍പ്പീടികയില്‍നിന്ന് സാധനങ്ങള്‍വാങ്ങി മടങ്ങുമ്പോഴാണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഒരു യുവതി അസ്വാസ്ഥ്യം പ്രകടിപ്പിച്ച് കുഴഞ്ഞുവീഴുന്നത് ഷിംനയുടെ ശ്രദ്ധയില്‍ പെടുന്നത്. ഓടിയെത്തിയ ഷിംന ആ യുവതിയെ വീഴാതെ താങ്ങിപ്പിടിച്ചു. റോഡരികില്‍വെച്ചുതന്നെ അമൃത യുവതിക്ക് സി.പി.ആര്‍. നല്‍കി. രണ്ടാംറൗണ്ടില്‍ യുവതിക്ക് ശ്വാസം തിരിച്ചുകിട്ടുകയും ബോധംതെളിയുകയും ചെയ്തു.

അപ്പോഴേയ്ക്കും എത്തിയ ആംബുലന്‍സില്‍ യുവതിയോടൊപ്പം രണ്ടുപേരും ആശുപത്രിയിലേക്ക് പോവുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. യുവതി ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്ന് ഉറപ്പായശേഷം അവരെ ബന്ധുക്കളെ ഏല്‍പ്പിച്ചിട്ടാണ് രണ്ടുപേരും ആശുപത്രിവിട്ടത്. മാക്കൂല്‍പ്പീടിക സ്വദേശിനിയാണ് യുവതി.

അടിയന്തര ജീവന്‍രക്ഷാ പരിശീലന ക്ലാസില്‍ പങ്കെടുത്ത് പലവട്ടം ഡമ്മിയുപയോഗിച്ച് സി.പി.ആര്‍. ചെയ്യുന്നത് അമൃത പരിശീലിച്ചിരുന്നു. ഈ ആത്മവിശ്വാസംകൊണ്ടുമാത്രമാണ് സമയോചിതമായി ഇടപെടാന്‍ സാധിച്ചത്. റെയില്‍വേ ജീവനക്കാരിയായ അമൃതയെയും നടക്കുതാഴ മാപ്പിള യു.പി. സ്‌കൂള്‍ അധ്യാപികയായ ഷിംനയെയും ആശുപത്രിയില്‍ ഡോക്ടര്‍മാരും പിന്നീട് ധ്വനി റെസിഡന്റ്‌സ് അസോസിയേഷനും അനുമോദിച്ചു.

Tags:    

Similar News