പുനലൂരില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ എല്‍ഡിഎഫ് - യുഡിഎഫ് സംഘര്‍ഷം; യുഡിഎഫ് വനിതാ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനമേറ്റു; ഫറോക്ക് ചന്തയിലുള്ള പോളിങ് സ്റ്റേഷനിലും സംഘര്‍ഷം
കൊല്ലം: പുനലൂരില്‍ പോളിംഗ് ബൂത്തിന് സമീപം വോട്ട് പിടിക്കാന്‍ നിന്നെന്നാരോപിച്ച് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. വിളക്കുവെട്ടം എല്‍.പി സ്‌കൂള്‍ ബൂത്തിന് മുന്നിലായിരുന്നു സംഭവം. മര്‍ദ്ദനമേറ്റതായി ആരോപിച്ച് യുഡിഎഫിന്റെ വനിതാ കൗണ്‍സിലര്‍ ഷെമി അസീസ് ആശുപത്രിയില്‍ ചികിത്സ തേടി. എല്‍ഡിഎഫ് കൗണ്‍സിലറായ സുഭാഷ് ജി നാഥ് മര്‍ദ്ദിച്ചെന്നാണ് യുഡിഎഫിന്റെ ആരോപണം. അതേസമയം, ആരോപണം സുഭാഷ് ജി നാഥ് നിഷേധിച്ചു. ബൂത്തിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയത് യുഡിഎഫ് പ്രവര്‍ത്തകരാണെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍ പ്രതികരിച്ചു.
ബേപ്പൂര്‍ മണ്ഡലത്തിലെ ഫറോക്ക് ചന്തയിലുള്ള പോളിങ് സ്റ്റേഷനിലും എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. ബൂത്തില്‍ വോട്ടില്ലാത്ത പ്രവര്‍ത്തകര്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബൂത്തില്‍ വോട്ടില്ലാത്ത എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചുവെന്ന് യുഡിഎഫ് ആരോപിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. എന്നാല്‍, ബൂത്തില്‍ വോട്ടില്ലാത്ത നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ അവിടെ തമ്പടിച്ചിട്ടുണ്ടെന്ന് എല്‍ഡിഎഫും തിരിച്ചടിച്ചു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാഗ്വാദവും കയ്യാങ്കളിയുമുണ്ടായി.
സംഭവസ്ഥലത്ത് ഉടന്‍ തന്നെ പൊലീസും രാഷ്ട്രീയ നേതാക്കളും ഇടപെട്ടു. തുടര്‍ന്ന് പ്രവര്‍ത്തകരെ ബൂത്തിന്റെ കോമ്പൗണ്ടിന് പുറത്തേക്ക് മാറ്റി രംഗം ശാന്തമാക്കിയിട്ടുണ്ട്. വാശിയേറിയ മത്സരം നടക്കുന്ന ബേപ്പൂര്‍ മണ്ഡലത്തില്‍ ചെറിയ തര്‍ക്കങ്ങള്‍ പോലും വലിയ സംഘര്‍ഷങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് പോലീസിന്റെ കര്‍ശന ജാഗ്രത തുടരുകയാണ്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും വോട്ടെടുപ്പ് തടസമില്ലാതെ തുടരുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.