പെരുമ്പാവൂരില്‍ സഹോദരിമാരെ പീഡിപ്പിച്ച യുവാവ് പിടിയില്‍; പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി
പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ കാസര്‍കോട് സ്വദേശി പിടിയിലായത് നിര്‍ണ്ണായക നീക്കങ്ങള്‍. കാസര്‍കോട് മോഗറല്‍ മലയന്‍ വീട്ടില്‍ അബ്ദുല്‍ റസാഖിനെയാണ് (38) പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അതിഥിത്തൊഴിലാളി കുടുംബത്തിലെ 12-ഉം ഒന്‍പതും വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.
പെരുമ്പാവൂരിലെ വാടകവീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു പ്രതി. സമീപത്തെ കെട്ടിടത്തില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയം നോക്കിയാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നത്. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായി എത്തിയ ഇയാള്‍ ഡ്രൈവിങ്, തടിപ്പണി, കയറ്റിറക്ക് തുടങ്ങിയ ജോലികളും ചെയ്തുവരികയായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സുഹൃത്താണ് വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചത്. തുടര്‍ന്ന് സിഡബ്ല്യുസി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ എല്‍. അനില്‍കുമാര്‍, എസ്.ഐ പ്രവീണ്‍ പ്രകാശ്, എ.എസ്.ഐമാരായ രതീശന്‍, എം.ബി. സുബൈര്‍, സീനിയര്‍ സി.പി.ഒമാരായ ജിജുമോന്‍, മുഹമ്മദ് ഷാന്‍, സി.പി.ഒമാരായ എന്‍.പി. ബിന്ദു, ടി.കെ. സന്ധ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.