ശബരി പാതയ്ക്കായി 505 കോടി; കേരളത്തിലെ റെയില്‍ പദ്ധതികള്‍ക്ക് ചിറകുമുളയ്ക്കുന്നു; 2,640 കോടി രൂപ അനുവദിച്ച് റെയില്‍വേ
തിരുവനന്തപുരം: കേരളത്തിലെ റെയില്‍വേ വികസനത്തിന് പുത്തന്‍ ഉണര്‍വേകി അഞ്ച് പ്രധാന പദ്ധതികള്‍ക്കായി 2,640 കോടി രൂപ റെയില്‍വേ വകയിരുത്തി. ഏറെക്കാലമായി അനിശ്ചിതത്വത്തിലായിരുന്ന ശബരി പാത, ഗുരുവായൂര്‍-തിരുനാവായ പാത എന്നിവയ്ക്കും പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്കുമാണ് തുക അനുവദിച്ചത്. കേന്ദ്ര ബജറ്റില്‍ തുക നേരത്തെ വകയിരുത്തിയിരുന്നെങ്കിലും വിവിധ സോണുകളിലെ പദ്ധതി വിഹിതം സംബന്ധിച്ച വിശദമായ രേഖകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
പദ്ധതികളും വിഹിതവും താഴെ പറയുന്ന പ്രകാരമാണ്:
ശബരി റെയില്‍വേ (അങ്കമാലി-എരുമേലി): ദശാബ്ദങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ശബരി പാതയ്ക്കായി 505 കോടി രൂപ അനുവദിച്ചു. പദ്ധതിച്ചെലവിന്റെ പകുതി വഹിക്കാന്‍ കേരളം സമ്മതിച്ചതോടെ മുന്‍പ് മരവിപ്പിച്ച പദ്ധതി റെയില്‍വേ പുനരുജ്ജീവിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍: ഏറ്റവും വലിയ വിഹിതം ലഭിച്ചത് ഈ പദ്ധതിക്കാണ്- 1400 കോടി രൂപ. കഴിഞ്ഞ വര്‍ഷം അനുവദിച്ച തുകയില്‍ ഒരു ഭാഗം റെയില്‍വേ തിരിച്ചെടുത്തിരുന്നെങ്കിലും ഇത്തവണ വന്‍തുക അനുവദിച്ച് നിര്‍മ്മാണം വേഗത്തിലാക്കാനാണ് തീരുമാനം.
ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കല്‍: ഇതിനായി 400 കോടി രൂപ നീക്കിവെച്ചു. എറണാകുളം-കുമ്പളം ഭാഗത്തിന് 120 കോടിയും കുമ്പളം-തുറവൂര്‍ ഭാഗത്തിന് 180 കോടിയും തുറവൂര്‍-അമ്പലപ്പുഴ പാതയ്ക്ക് 100 കോടി രൂപയുമാണ് ലഭിക്കുക.
ഗുരുവായൂര്‍-തിരുനാവായ പാത: ഈ പുതിയ പാതയ്ക്കായി 280 കോടി രൂപ അനുവദിച്ചു. അന്തിമ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ ഈ തുക വിനിയോഗിക്കും.
ഷൊര്‍ണ്ണൂര്‍-വള്ളത്തോള്‍ നഗര്‍ പാത ഇരട്ടിപ്പിക്കല്‍: 55 കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.