ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസ്; രണ്ടു പേര്‍ കസ്റ്റഡിയില്‍

വയോധികയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസ്; രണ്ടു പേര്‍ കസ്റ്റഡിയില്‍

Update: 2026-04-09 01:26 GMT

വെഞ്ഞാറമൂട്: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. പുല്ലമ്പാറ വെള്ളുമണ്ണടി കല്ലിയോട് ഭുവന വിഹാറില്‍ ശാരദാമ്മയെ (72) കിടപ്പുമുറിയില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിലാണ് രണ്ടു പേരെ പിടികൂടിയത്. ശാരദാമ്മയുടെ പുരയിടം വൃത്തിയാക്കാന്‍ രാവിലെ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരെയും പോലിസിലും വിവരം അറിയിച്ചു.

വീടിന്റെ പിന്‍വാതിലിന്റെ കുറ്റി തകര്‍ത്ത നിലയിലും മുന്‍വാതില്‍ തുറന്ന നിലയിലുമായിരുന്നു. മുറിയില്‍ നിന്ന് സിഗരറ്റ് കുറ്റികളും മൊബൈല്‍ ഫോണും കണ്ടെടുത്ത പൊലീസ് ഫോണിന്റെ ഉടമയെ പിടികൂടുകയായിരുന്നു. സംഭവസമയത്ത് ആക്ടീവായിരുന്ന മറ്റൊരു ഫോണ്‍ കൊലപാതകം നടന്ന വീടിനു സമീപത്തു തന്നെ ഉണ്ടെന്നു കണ്ടെത്തിയതോടെ അടുത്ത വീട്ടില്‍ ഉറക്കത്തിലായിരുന്ന യുവാവിനെയും കസ്റ്റഡിയിലെടുത്തു.

ആറ്റിങ്ങല്‍ ഡിവൈഎസ്പി സന്തോഷ്‌കുമാര്‍, വെഞ്ഞാറമൂട് എസ്എച്ച്ഒ ടി.പ്രദീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍, ഫൊറന്‍സിക് വിഭാഗം എന്നിവരെത്തി പരിശോധന നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഭര്‍ത്താവ്: പരേതനായ ദാമോദരന്‍പിള്ള. മക്കള്‍: ഭുവന, ഗോപകുമാര്‍, പരേതനായ കൃഷ്ണപ്രസാദ്. മരുമക്കള്‍: ജയകുമാര്‍, കരിഷ്മ.

Tags:    

Similar News