വെഞ്ഞാറമൂട്ടില്‍ വയോധികയെ കൊലപ്പെടുത്തിയത് പീഡനശ്രമത്തിനിടെ; 22-കാരന്‍ പിടിയില്‍; കുടുക്കിയത് വീട്ടില്‍ മറന്നുവെച്ച മൊബൈല്‍ ഫോണ്‍

Update: 2026-04-09 07:13 GMT

വെഞ്ഞാറമൂട്: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീട്ടില്‍ അതിക്രമിച്ചു കയറി കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ശ്രീനാരായണപുരം സ്വദേശി ജിത്തു (22) ആണ് വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായത്. ലഹരിക്ക് അടിമയായ പ്രതി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

കൊലപാതകം നടന്ന മുറിയില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളില്‍ ഒന്നാണ് സംഭവസ്ഥലത്ത് വീണുപോയത്. രണ്ടാമത്തെ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ പ്രതി വയോധികയുടെ വീടിന് തൊട്ടടുത്തുള്ള ബന്ധുവീട്ടിലുണ്ടെന്ന് കണ്ടെത്തി. പോലീസ് എത്തുമ്പോള്‍ യാതൊരു ഭാവമാറ്റവുമില്ലാതെ ബന്ധുവീട്ടില്‍ ഉറങ്ങുകയായിരുന്നു ഇയാള്‍.

ബുധനാഴ്ച രാവിലെ പുരയിടം വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികളാണ് വയോധികയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. വയോധികയുടെ വീടുമായി അടുത്ത ബന്ധം സ്ഥാപിച്ചാണ് പ്രതി കൃത്യം നടത്തിയത്. കൊലപാതകം നടന്ന മുറിയില്‍ നിന്ന് സിഗരറ്റ് കുറ്റികളും മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തിരുന്നു. ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതി വീട്ടിലെത്തിയതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വയോധിക ഒറ്റയ്ക്ക് താമസിക്കുന്നത് മുന്‍കൂട്ടി അറിഞ്ഞാണ് പ്രതി എത്തിയതെന്നാണ് പോലീസിന്റെ നിഗമനം. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

Similar News