പ്രായം തളര്‍ത്താത്ത ജനാധിപത്യ ബോധം! 104-ാം വയസിലും പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി ത്രേസ്യാമ്മ; സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍

Update: 2026-04-09 10:47 GMT

ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വോട്ടറായ 104 വയസുകാരി ത്രേസ്യാമ്മ പാറശേരി വോട്ട് രേഖപ്പെടുത്തി. ഇടുക്കിയിലെ ന്യൂമാന്‍ എല്‍പി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് ത്രേസ്യാമ്മ വോട്ട് ചെയ്തത്. ഈ പ്രായത്തിലും വോട്ട് ചെയ്യാന്‍ എത്തിയ ത്രേസ്യാമ്മ, ജനാധിപത്യത്തിനുള്ള പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമായി മാറി.

അതേസമയം സംസ്ഥാനത്ത് ഉച്ച വരെ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. 3 മണിവരെയുള്ള കണക്ക് പ്രകാരം 62.71 ശതമാനമാണ് പോളിങ്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാര്‍ത്ഥികള്‍ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. പോളിംഗ് 90 ശതമാനം വരെ ഉയരാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കര്‍ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, നടന്‍ മോഹന്‍ലാല്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

Similar News