ജി സുധാകരന്‍ പാര്‍ട്ടി വിടുമെന്ന് കരുതിയിരുന്നില്ല; സമരഭൂമിയാണ് പുന്നപ്ര; എന്നും പാര്‍ട്ടിയാണ് ഏറ്റവും ഒന്നാമത്തെ കാര്യമെന്നും വി എ അരുണ്‍കുമാര്‍

Update: 2026-03-15 11:00 GMT

ആലപ്പുഴ: ജി സുധാകരന്‍ പാര്‍ട്ടി വിടുമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് വിഎസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍. സമരഭൂമിയാണ് പുന്നപ്ര എന്നും പാര്‍ട്ടിയാണ് ഏറ്റവും ഒന്നാമത്തെ കാര്യമെന്നും അരുണ്‍കുമാര്‍ പറഞ്ഞു. പാര്‍ട്ടി പറയുന്നത് മാത്രമേ അണികള്‍ കേള്‍ക്കുകയുള്ളൂ എന്നും പ്രശ്‌നത്തിന് ഉടന്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും അരുണ്‍കുമാര്‍ വ്യക്തമാക്കി.

സിപിഐഎമ്മുമായി ഇടഞ്ഞ ജി സുധാകരന്‍ അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ ഒരുങ്ങുകയാണ്. താന്‍ പാര്‍ട്ടി അംഗത്വം ഒഴിഞ്ഞെന്നും പാര്‍ട്ടി വിട്ടുവെന്നും ജി സുധാകരന്‍ തന്നെ വ്യക്തമാക്കിയിരുന്നു. അവഗണന ആരോപിച്ചാണ് സുധാകരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയത്. നിരവധി തവണ സിപിഐഎം അനുനയശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും സുധാകരന്‍ വഴങ്ങിയിരുന്നില്ല. ഒടുവില്‍ സിപിഐഎമ്മും സുധാകരനെ അവഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സിപിഐഎം ബന്ധം അവസാനിപ്പിച്ച ജി സുധാകരനെതിരെ വ്യാപക അമര്‍ഷമാണ് പാര്‍ട്ടിയില്‍ ഉള്ളത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന ബഹുജന റാലിയില്‍ സുധാകരനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ആര്‍എസ്എസ് നേതാക്കളെ വലിയ ചുടുകാട്ടില്‍ കയറ്റിയത് ജി സുധാകരന്‍ ആണെന്നും രക്തസാക്ഷികളുടെ നെഞ്ചത്ത് ചവിട്ടാന്‍ ജി സുധാകരന്‍ അനുമതി നല്‍കിയെന്നുമാണ് അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജി പറഞ്ഞത്.

ഒരു പുരുഷായുസ്സില്‍ ഒരുപാട് തവണ ജനപ്രതിനിധിയായ ആളാണ് ജി സുധാകരനെന്നും പാര്‍ട്ടി നേതാവ് എന്നതില്‍ ഉപരി അദ്ദേഹത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നുവെന്നും സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറും പറഞ്ഞിരുന്നു. മെമ്പര്‍ഷിപ്പ് പുതുക്കിയിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടി വന്നേനെയെന്നും എന്നാല്‍ ഇതറിഞ്ഞ് മനപ്പൂര്‍വം ജി സുധാകരന്‍ മെമ്പര്‍ഷിപ്പ് പുതുക്കാതിരിക്കുകയായിരുന്നുവെന്നും ആര്‍ നാസര്‍ പറഞ്ഞിരുന്നു.

ഇന്നലെ ജി സുധാകരന്‍ ഒരു പേരു കൂടി തനിക്ക് നല്‍കിയെന്നും അത് പൊളിറ്റിക്കല്‍ ക്രിമിനല്‍ എന്നാണെന്നുമാണ് എച്ച് സലാം എംഎല്‍എ പ്രതികരിച്ചത്. വി എസ് അച്യുതാനന്ദനെ ഡ്രാക്കുള എന്ന് വിളിച്ച ആളാണ് ജി സുധാകരന്‍. തന്നെ പൊളിറ്റിക്കല്‍ ക്രിമിനല്‍ എന്ന് വിളിച്ചതില്‍ അത്ഭുതം ഇല്ലായെന്നും സലാം പറഞ്ഞിരുന്നു.

Similar News