യുഡിഎഫ് വിജയിക്കുമെന്ന അവകാശവാദം ഫണ്ട് പിരിവിന്; മേയ് നാലുവരെ പ്രതിപക്ഷം ഭരണപക്ഷത്തെപ്പോലെ സംസാരിക്കും: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന യുഡിഎഫിന്റെ അവകാശവാദങ്ങള്‍ വെറും ഫണ്ട് പിരിവ് ലക്ഷ്യം വെച്ചുള്ളതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അധികാരത്തിലെത്തുമെന്ന പ്രതീതി സൃഷ്ടിച്ച് പണം പിരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഏപ്രില്‍ ഒമ്പതു മുതല്‍ മേയ് നാലുവരെ പ്രതിപക്ഷം ഭരണപക്ഷത്തെപ്പോലെ സംസാരിക്കും. അധികാരത്തില്‍ വരുമെന്ന് പറഞ്ഞ് മേയ് നാലുവരെ അവര്‍ക്ക് ഫണ്ട് പിരിക്കാം,' റിയാസ് പരിഹസിച്ചു. ബിജെപിയും യുഡിഎഫും തമ്മില്‍ എന്ത് ഡീലുണ്ടാക്കിയാലും അതിനെയെല്ലാം അതിജീവിച്ച് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബേപ്പൂരില്‍ ഇത്തവണ മികച്ച വിജയമുണ്ടാകുമെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകള്‍ യുഡിഎഫിന് ലഭിക്കുമെന്നത് വെറും കണക്കുകൂട്ടല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനുമാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും ഇടതുമുന്നണിക്ക് അനുകൂലമായ കാറ്റാണ് സംസ്ഥാനത്ത് വീശിയതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.