ചുട്ടുപൊള്ളി കേരളം; പാലക്കാട്ട് 40 ഡിഗ്രി; ജാഗ്രതാ നിര്‍ദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ചൂട് അതീവ ഗുരുതരമായ നിലയിലേക്ക് ഉയരുന്നു. പാലക്കാട് ജില്ലയില്‍ വരും ദിവസങ്ങളിലും ചൂട് വര്‍ധിക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയായ 40 ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് രേഖപ്പെടുത്തി.
കോട്ടയം, കൊല്ലം ജില്ലകളിലും താപനില 37 ഡിഗ്രിക്ക് മുകളിലാണ്. വരും ദിവസങ്ങളില്‍ മിക്ക ജില്ലകളിലും ചൂട് സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണം. കടുത്ത ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കര്‍ശന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ ജോലി സമയം ഇതിനനുസരിച്ച് ക്രമീകരിക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും മദ്യം, കാപ്പി, ചായ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കൂള്‍ അസംബ്ലികളും കുട്ടികളെ വെയിലേല്‍ക്കുന്ന തരത്തിലുള്ള പുറംപരിപാടികളും പൂര്‍ണ്ണമായും ഒഴിവാക്കണം. പരീക്ഷാ ഹാളുകളില്‍ ശുദ്ധജലവും വായുസഞ്ചാരവും ഉറപ്പാക്കണം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് കുടകള്‍ ഉപയോഗിക്കുകയും ജാഗ്രത പാലിക്കുകയും വേണം. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ അടച്ചിട്ട വാഹനങ്ങളില്‍ ഇരുത്തി പോകുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.
തീപിടുത്തങ്ങള്‍ക്കും കാട്ടുതീ പടരാനുമുള്ള സാധ്യത കൂടുതലായതിനാല്‍ മാര്‍ക്കറ്റുകള്‍, മാലിന്യനിക്ഷേപ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തണം. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ശ്രദ്ധിക്കണം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു.