ബൂത്തിനുള്ളിൽ വോട്ടിങ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; നിലമ്പൂരുകാരൻ ലസിൻ സബാദിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം ലംഘിച്ച് പോളിങ് സ്റ്റേഷനുള്ളിലെ വോട്ടെടുപ്പ് നടപടികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിലായി. നിലമ്പൂർ വീട്ടിച്ചാൽ സ്വദേശി ലസിൻ സബാദിനെതിരെയാണ് മലപ്പുറം സൈബർ ക്രൈം പൊലീസ് കേസെടുത്തത്. നിലമ്പൂർ മണ്ഡലത്തിലെ കുറുമ്പലങ്കോട് ജി.യു.പി സ്‌കൂളിലെ 129-ാം നമ്പർ ബൂത്തിലായിരുന്നു നിയമലംഘനം നടന്നത്.
ബൂത്തിനുള്ളിലെ ദൃശ്യങ്ങൾ പകർത്തിയ യുവാവ് ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം ഉടൻ നടപടിയെടുത്തു. സൈബർ ക്രൈം ഇൻസ്‌പെക്ടർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂരിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, പെരിന്തൽമണ്ണ നഗരസഭയിലെ കാദർമൊല്ല എ.എം.എൽ.പി സ്‌കൂളിലെ പോളിങ് കേന്ദ്രത്തിൽ വോട്ടെടുപ്പ് ദിവസം കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ബൂത്ത് ലെവൽ ഓഫീസർ എം. അനൂപിനെതിരെയും പൊലീസ് കേസെടുത്തു.