വഴിത്തർക്കത്തിന്റെ പേരിൽ അസഭ്യവർഷം; ചോദ്യം ചെയ്തപ്പോൾ മർദ്ദനം; വർക്കലയിൽ വീട്ടമ്മയുടെ തല കല്ലുകൊണ്ട് അടിച്ച് തകർത്തു; പ്രതി അറസ്റ്റിൽ

Update: 2026-04-12 08:02 GMT

വർക്കല: അയിരൂരിൽ വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഹരിഹരപുരം കെടാകുളം കല്ലുവിള വീട്ടിൽ രാജേഷിനെയാണ് (48) അയിരൂർ പൊലീസ് പിടികൂടിയത്. കെടാകുളം സ്വപ്ന നിവാസിൽ രമാഭായി (65), മകൾ സ്വപ്ന, സഹോദരി ഗിരിജ എന്നിവരുടെ പരാതിയിലാണ് നടപടി.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. രാജേഷും രമാഭായിയുടെ കുടുംബവും തമ്മിൽ നേരത്തെ വഴിത്തർക്കമുണ്ടായിരുന്നു. രമാഭായിയുടെ വീട്ടിലേക്കുള്ള വഴിയിൽ രാജേഷ് പതിവായി കരിങ്കല്ല് കൊണ്ടിട്ട് വാഹനങ്ങൾ തടസ്സപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു. തിങ്കളാഴ്ച രാത്രി രമാഭായിയുടെ ഭർത്താവ് വീട്ടിലേക്കുള്ള വഴിയിൽ വന്നിറങ്ങിയതിന് പിന്നാലെ രാജേഷ് അസഭ്യവർഷവുമായി എത്തുകയായിരുന്നു.

മോശമായ പെരുമാറ്റം ചോദ്യം ചെയ്തതോടെ രാജേഷും മകൻ മുത്തുവും ചേർന്ന് കുടുംബത്തെ ആക്രമിക്കുകയായിരുന്നു. രമാഭായിയെ നിലത്തു തള്ളിയിട്ട രാജേഷ് കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഇത് തടയാനെത്തിയ മകൾ സ്വപ്നയ്ക്കും സഹോദരി ഗിരിജയ്ക്കും മർദ്ദനമേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമാഭായി ആശുപത്രിയിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന ബന്ധുക്കളുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    

Similar News