വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; പിന്നിൽനിന്നും കുത്തിവീഴ്ത്തി; ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

Update: 2026-04-11 15:31 GMT

കോഴിക്കോട്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. എളേറ്റിൽ വട്ടോളി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാനാണ് (11) ആക്രമണത്തിന് ഇരയായത്. കാലിനും കൈയ്ക്കും സാരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേനലവധി ആഘോഷിക്കാനായി ചളിക്കോട്ടെ ബന്ധുവീട്ടിലെത്തിയതായിരുന്നു ഹംദാൻ. ശനിയാഴ്ച വൈകുന്നേരം കൂട്ടുകാർക്കൊപ്പം മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപന്നി കുട്ടിയെ ആക്രമിച്ചത്.

പന്നിയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്നിൽനിന്നും കുത്തിവീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ ഹംദാന്റെ കൈയ്ക്കും കാലിനും ഒടിവുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകളുമേറ്റു. എളേറ്റിൽ ജി.എം.യു.പി സ്കൂളിലെ വിദ്യാർത്ഥിയാണ് ഹംദാൻ. പ്രദേശത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്.

Tags:    

Similar News