ബസ് സ്റ്റോപ്പിൽ നിർത്താതെ ഡ്രെയിനേജിനോട് ചേർത്തു നിർത്തി; ഇറങ്ങും മുൻപേ ബസ് എടുത്തു; വോട്ട് ചെയ്ത് മടങ്ങവേ വയോധികയുടെ കാൽ കെഎസ്ആർടിസി കയറി മുറിച്ചുമാറ്റി; ജീവനക്കാർക്കെതിരെ പരാതിയുമായി കുടുംബം; ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് അധികൃതർ
കൽപറ്റ: വയോധികയുടെ കാലില്‍ കെഎസ്ആര്‍ടിസി ബസ് കയറി ഗുരുതര പരിക്കേല്‍ക്കുകയും കാല്‍മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. വോട്ട് ചെയ്ത് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വയനാട് വൈത്തിരി സ്വദേശിനി ജാനുവിന്റെ (65) ഇടതുകാൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റിയിരുന്നു. ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ അടിവാരത്തിനടുത്ത് ചിപ്പിലിത്തോട് ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. വൈത്തിരിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ചിപ്പിലിത്തോട്ടിലെ മകളുടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജാനു. ഇരിട്ടി-നിലമ്പൂർ റൂട്ടിലോടുന്ന ഫാസ്റ്റ് പാസഞ്ചറിലായിരുന്നു യാത്ര. ബസ് സ്റ്റോപ്പിൽ നിർത്താതെ, യാത്രക്കാർക്ക് ഇറങ്ങാൻ പ്രയാസമുള്ള ഡ്രെയിനേജിനോട് ചേർന്നാണ് ബസ് നിർത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
മുൻവാതിലിലൂടെ ജാനു താഴേക്ക് ഇറങ്ങാൻ തുടങ്ങവേ ഡ്രൈവർ ബസ് മുന്നോട്ടെടുത്തു. ഇതോടെ തെറിച്ചുവീണ ജാനുവിന്റെ കാലിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. അരയ്ക്കു താഴെ സാരമായി പരിക്കേറ്റ ജാനുവിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമായതിനെത്തുടർന്ന് ശസ്ത്രക്രിയയിലൂടെ കാൽ നീക്കം ചെയ്തു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
എന്നാൽ, ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോ അധികൃതരുടെ പ്രാഥമിക വിശദീകരണം. ബസ് എടുത്തശേഷം പിന്നോട്ട് നടക്കുകയായിരുന്ന ജാനു കാൽതെറ്റി വീണതാകാമെന്നാണ് ഡ്രൈവർ ഫിറോസ് ഖാന്റെ വാദം. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തി. ഡ്രൈവറുടെയും കണ്ടക്ടറുടെയും അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കെഎസ്ആർടിസി എംഡിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
