ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും ഓട്ടോറിക്ഷയിൽ കയറിയ യുവാക്കൾ; സംശയം തോന്നിയ ഡ്രൈവർ വാഹനം ഓടിച്ചു കയറ്റിയത് പോലീസ് സ്റ്റേഷനിലേക്ക്; വലയിലായത് മോഷ്ടാക്കൾ
മാവൂർ: ബി.എസ്.എൻ.എൽ എക്സ്ചേഞ്ചിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന കോപ്പർ കേബിളുകൾ മോഷ്ടിച്ച സംഭവത്തിൽ കരാർ തൊഴിലാളികളായ രണ്ടുപേരെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വലിയകുളങ്ങര സ്വദേശി മണലിക്കൽ വീട്ടിൽ വിനോദ് കുമാർ (40), പാലക്കാട് നെന്മാറ പെഴുമ്പാറ സ്വദേശി അരക്കപറമ്പിൽ നാസറുദ്ദീൻ (34) എന്നിവരാണ് പിടിയിലായത്. മോഷണമുതലുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഓട്ടോ ഡ്രൈവർ തന്ത്രപൂർവം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെയാണ് മാവൂർ പൈപ്പ് ലൈൻ റോഡിലെ ടെലിഫോൺ എക്സ്ചേഞ്ചിൽനിന്ന് 35 മീറ്ററോളം നീളമുള്ള കോപ്പർ കേബിളുകൾ പ്രതികൾ കവർന്നത്. തുടർന്ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തുനിന്ന് നിഷാദ് എന്നയാളുടെ ഓട്ടോറിക്ഷയിൽ ഇവർ കയറി. യാത്രയ്ക്കിടെ ഇവരുടെ സംസാരത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ നിഷാദ്, വൈകാതെ തന്നെ ഓട്ടോ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
സ്റ്റേഷനിൽ വെച്ച് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. ടെലിഫോൺ എക്സ്ചേഞ്ചിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണെന്നും ആ പരിചയം വെച്ചാണ് മോഷണം നടത്തിയതെന്നും ഇവർ മൊഴി നൽകി. വിവരമറിഞ്ഞ് മാവൂർ ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖിനൊപ്പം മാവൂർ പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.