മയ്യില്‍ ടൗണിലെ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിഭവന്‍ തകര്‍ത്തു; പരാജയ ഭീതിയില്‍ സിപിഎം അക്രമം അഴിച്ചു വിടുന്നു: സണ്ണി ജോസഫ

മയ്യില്‍ ടൗണിലെ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിഭവന്‍ തകര്‍ത്തു

Update: 2026-04-10 17:24 GMT

മയ്യില്‍: എല്ലാ തിരഞ്ഞെടുപ്പിലും അക്രമരീതിയാണ് സിപിഎം അവലംബിക്കാറുള്ളതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത മയ്യില്‍ ടൗണിലെ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിഭവന്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നം തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് പ്രതികൂലമാകുമെന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്ക് അവര്‍ തയ്യാറായത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കണ്ണൂരിലെ ജനങ്ങള്‍ ഇത് അനുഭവിക്കുന്നു. കാലങ്ങളായ കോണ്‍ഗ്രസ് ഈ അക്രമത്തെ നേരിടുന്നുണ്ട്.

മഹാത്മാഗാന്ധിജിയുടെ പേരിലുള്ള കോണ്‍ഗ്രസ് ഓഫീസ് ആന കയറിയ കരിമ്പന്‍ തോട്ടം പോലെ അടിച്ചു തകര്‍ത്തു.സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത മയ്യിലിലെ ഈ കോണ്‍ഗ്രസ് ഓഫീസ് ജനങ്ങളുടെ സഹകരണത്തോടെ കോണ്‍ഗ്രസ് പുനര്‍നിര്‍മ്മിക്കും. ഒരു ഓഫീസ് തകര്‍ത്തതുകൊണ്ട് കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ സിപിഎമ്മിന് തെറ്റുപറ്റി.

സിപിഎമ്മിന്റെ പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ മത്സരിക്കുന്ന മണ്ഡലത്തില്‍, മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ അവരുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന ഇതുപോലുള്ള ആക്രമങ്ങളെ അവര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Tags:    

Similar News