ധര്‍മ്മടത്ത് മുഖ്യമന്ത്രിയുടെ ബൂത്തില്‍ വരെ കള്ളവോട്ട്; 11,000 ഓപ്പണ്‍ വോട്ടുകള്‍; സിപിഎം-കോണ്‍ഗ്രസ് ഡീല്‍ നടന്നുവെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. രഞ്ജിത്ത്
സിപിഎം-കോണ്‍ഗ്രസ് ഡീല്‍ നടന്നുവെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. രഞ്ജിത്ത്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ടും ഓപ്പണ്‍ വോട്ടും നടന്നതായി ധര്‍മ്മടം മണ്ഡലം എന്‍. ഡി എ. സ്ഥാനാര്‍ഥി കെ. രഞ്ജിത്ത് കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ചില ബൂത്തുകളില്‍ 90 ശതമാനം വോട്ടു ചെയ്തു. തൊഴിലുറപ്പ് തൊഴിലാളിയെ വരെ ഓപ്പണ്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
11000 ത്തോളം ഓപ്പണ്‍ വോട്ട് ചെയ്തിട്ടുണ്ടെന്നു റിട്ട്വേണിംഗ് ഓഫീസര്‍ അറിയിച്ചുവെന്നും കെ രഞ്ജിത്ത് പറഞ്ഞു. മണ്ഡലത്തില്‍ സംഘര്‍ഷം ഒഴിവായത് എന്‍ ഡി എ ആത്മസംയമനം പാലിച്ചത് കൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു. ബിജെപി ശക്തമായ നിലപാടെടുത്തതിനാലാണ് കൂടുതല്‍ കള്ളവോട്ടുകള്‍ നടക്കാതെ പോയത്. ബൂത്തിലിരുന്ന യു ഡി എഫ് പ്രവര്‍ത്തകര്‍ കള്ളവോട്ടു ചെയ്യുന്നത് എതിര്‍ത്തില്ല. പലയിടങ്ങളിലും പ്രാദേശിക ബന്ധമില്ലാത്തവരാണ് യു ഡി എഫിനായി ബൂത്തിലിരുന്നത്.
മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ ബൂത്തിലിരുന്നത് തലശേരിയിലെ യുഡിഎഫ് പ്രവര്‍ത്തകരാണ്. മുഖ്യമന്ത്രി വോട്ടു ചെയ്ത ആര്‍. സി അമല ബേസിക് സ്‌കൂളിലെ ബൂത്തില്‍ വരെ കള്ളവോട്ട് നടന്നു. ഇവിടെയും ക്രമാതീതമായി ഓപ്പണ്‍ വോട്ടു ചെയ്തു. നാട്ടില്‍ ഇല്ലാത്തവരുടെ വോട്ടുകള്‍ ബന്ധുക്കളെ കൊണ്ടു ചെയ്യിക്കുന്ന രീതിയാണ് വ്യാപകമായി നടന്നത്. വേങ്ങാട് നാട്ടില്‍ ഇല്ലാത്ത യുവാവിന്റെ വോട്ട് അനുജനാണ് ചെയ്യാനെത്തിയത് ഈ കാര്യം ബിജെപി ബൂത്ത് ഏജന്റുമാര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ പോളിങ് ഓഫീസര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ല.
കള്ളവോട്ട് ചെയ്യാനെത്തുന്നവരെ ഓടി രക്ഷപ്പെടാന്‍ അനുവദിക്കുകയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തത്. ഈ കാര്യത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജനവികാരം ശക്തമാണ് ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എം.എല്‍എയെന്ന രീതിയില്‍ കഴിഞ്ഞില്ല ബിജെപി മമ്പറത്ത് നടത്തിയ ജനസദസില്‍ റോഡിനും കുടിവെള്ളത്തിനും ചികിത്സാ സഹായത്തിനുമായി മണ്ഡലത്തിലെ നിരവധിയാളുകളാണെത്തിയത്.
നേരത്തെ കമ്യുണിസ്റ്റ് പാര്‍ട്ടിക്കാരായ നിരവധിയാളുകളുടെ പേരില്‍ ഓപ്പണ്‍ വോട്ടായി ഇത്തവണ ചെയ്തിട്ടുണ്ട്. സ്വന്തം പാര്‍ട്ടിക്കാരെപ്പോലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വിശ്വാസമില്ലാതായി കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തന്നെ ധര്‍മ്മടത്ത് കോണ്‍ഗ്രസ് - സിപിഎം ഡീലുണ്ട് തളിപ്പറമ്പില്‍ മത്സരിക്കാന്‍ താല്‍പര്യപ്പെട്ട സ്ഥാനാര്‍ത്ഥിയെയാണ് ധര്‍മ്മടത്ത് മത്സരിപ്പിച്ചത്. പറവൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വോട്ടു നല്‍കിയാല്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രിക്ക് വോട്ടു മറിക്കാനാണ് ഡീല്‍ ഈ കാര്യം നേരത്തെ തന്നെ ഞങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും രഞ്ചിത്ത് പറഞ്ഞു.
