'പി.സി. ജോര്‍ജിനെ പോലുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് മാനക്കേട്; തുടരാനാണ് ഭാവമെങ്കില്‍ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും'; മുന്നറിയിപ്പുമായി കത്തോലിക്ക കോണ്‍ഗ്രസ്
കോട്ടയം: പി.സി. ജോര്‍ജിന്റെ വിവാദ പ്രസ്താവനകള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി കത്തോലിക്കാ കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത. കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെ പി.സി. ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും സഭയെയും സഭാനേതൃത്വത്തെയും താറടിച്ചു കാണിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്നും സംഘടന കുറ്റപ്പെടുത്തി. സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സഭയെ ഉപയോഗിക്കുകയും പിന്നീട് അതേ സഭയെ തന്നെ അധിക്ഷേപിക്കുകയും ചെയ്യുന്ന ജോര്‍ജിന്റെ ശൈലി അവസരവാദി രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്നും രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരായ പി.സി. ജോര്‍ജിന്റെ നിലപാട് അത്യന്തം അപലപനീയമാണ്. രാഷ്ട്രീയ പ്രവര്‍ത്തനം ആര്‍ക്കും എതിരെ എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് അല്ലെന്നും പി.സി. ജോര്‍ജിനെ പോലുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് മാനക്കേടെന്നും കത്തോലിക്ക കോണ്‍ഗ്രസ് പറഞ്ഞു. അവസരവാദപരമായി പി.സി. ജോര്‍ജ് തന്റെ ഇഷ്ടത്തിനും ആവശ്യങ്ങള്‍ക്കും അനുസരിച്ച് സഭയെ താറടിച്ച് കാണിക്കുന്നുവെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു. പി.സി. ജോര്‍ജിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും ഇനിയും ഇത് തുടരാനാണ് ഭാവമെങ്കില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പറഞ്ഞു.
ചില മെത്രാന്മാര്‍ വൃത്തികെട്ട പണിയാണ് ചെയ്യുന്നതെന്നും ബോധവും വിവരവുമില്ലാത്ത പണിയാണ് മെത്രാന്മാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും പി.സി. ജോര്‍ജ് വിമര്‍ശിച്ചിരുന്നു. ദീപിക പത്രം വായിക്കുന്നവര്‍ക്ക് വട്ടാണെന്നും ഇത്രയും നാണംകെട്ട ഒരു പത്രം ഉണ്ടാകില്ലെന്നും പി.സി. ജോര്‍ജ് വിമര്‍ശിച്ചു. മെത്രാന്മാര്‍ ജന്മനാ കോണ്‍ഗ്രസ് ആണെന്നും അവര്‍ ബിഷപ്പായാലും മെത്രാനായാലും കോണ്‍ഗ്രസ് തന്നെയാണ് എന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. വിദേശത്ത് നിന്നും സ്വീകരിക്കുന്ന പണത്തിന്റെ കണക്ക് കാണിക്കുന്നതിന് എന്താണ് കുഴപ്പം എന്നും പി.സി. ജോര്‍ജ് ചോദിച്ചു. അത് കാണിക്കുന്നില്ല എന്ന് പറഞ്ഞാല്‍ സഭയും എന്തോ തെറ്റ് ചെയ്യുന്നുണ്ടെന്നാണ് അര്‍ഥമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.