സതീശനല്ല, രാഹുല്‍ ഗാന്ധി വന്നാലും നടക്കില്ല; മോഡിഫിക്കേഷന്‍ വാഗ്ദാനത്തില്‍ സതീശനെ വെല്ലുവിളിച്ച് ഗണേഷ് കുമാര്‍

Update: 2026-04-10 08:38 GMT

കൊല്ലം: വാഹന രൂപമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നല്‍കിയ വാഗ്ദാനം വെറും 'തള്ളാണെന്ന്' ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. കേന്ദ്ര നിയമങ്ങളെയും കോടതി ഉത്തരവുകളെയും മറികടന്ന് വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ അനുവദിക്കാന്‍ സതീശനല്ല, രാഹുല്‍ ഗാന്ധി വന്നാലും കഴിയില്ലെന്ന് ഗണേഷ് കുമാര്‍ പരിഹസിച്ചു.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സുരക്ഷിതമായ രീതിയില്‍ വാഹനങ്ങളുടെ രൂപമാറ്റം അനുവദിക്കുമെന്ന സതീശന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് കഴിഞ്ഞ അഞ്ചു കൊല്ലം പറഞ്ഞ ഒന്നും സത്യമായിട്ടില്ലെന്നും സതീശന്‍ തള്ളിന്റെ ആശാനാണെന്നും ഗണേഷ് കുമാര്‍ കൊല്ലത്ത് പറഞ്ഞു.

വാഹന രൂപമാറ്റത്തില്‍ കര്‍ശനമായ കേന്ദ്ര നിയമങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാരിന് മാത്രമായി അതില്‍ ഇളവ് നല്‍കാനാവില്ല. സതീശന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വയനാട്ടില്‍ വീട് വെച്ചു കൊടുക്കുമെന്ന് പറഞ്ഞ വാഗ്ദാനം പാലിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസാണോ കേരളം ഭരിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫിന്റെ ഗ്യാരണ്ടികള്‍ കേരളത്തെ നശിപ്പിക്കുന്നതാണ്. പത്തനാപുരത്ത് താന്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും. കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണ്. സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ല.

ന്യൂനപക്ഷ പിന്തുണ: ഇത്തവണ ന്യൂനപക്ഷങ്ങളുടെ വലിയ പിന്തുണ എല്‍ഡിഎഫിന് ലഭിച്ചു. യുഡിഎഫ് വിശ്വസിക്കാന്‍ കൊള്ളാത്ത സംവിധാനമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പോളിംഗില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും ആറ് ശതമാനമെങ്കിലും കൂടിയാലേ അസാധാരണമെന്ന് പറയാനാകൂ എന്നും അദ്ദേഹം നിരീക്ഷിച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞെന്നും നെഗറ്റീവ് തരംഗമൊന്നും പ്രചാരണ രംഗത്ത് കണ്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു.

Tags:    

Similar News