സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'മറ്റാര്'; ഇടതുപക്ഷത്തിന്റെ വികസനഗാഥ പാടി മലയാളം റാപ്പ്

Update: 2026-04-10 08:28 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ ചടുല താളങ്ങളുമായി ഇടതുപക്ഷത്തിന്റെ റാപ്പ് ഗാനം 'മറ്റാര്' സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. നവകേരളമെന്ന ഇടതുപക്ഷ ബദലിന് എന്തുകൊണ്ട് തുടര്‍ച്ചയുണ്ടാകണം എന്ന് ലളിതവും എന്നാല്‍ ശക്തവുമായ വരികളിലൂടെ അവതരിപ്പിക്കുന്ന ഗാനം ഇതിനോടകം തന്നെ ജെന്‍സി തലമുറ ഏറ്റെടുത്തു കഴിഞ്ഞു.

പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കെ.ജി. സൂരജാണ് ഈ ഹിറ്റ് റാപ്പിന്റെ രചനയും സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത്. പൂമ്പാറ്റ നെസിന്‍, ഡോ. ഗൗരി ലക്ഷ്മി, കെ.ജി. സൂരജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് വേദികളിലും കുടുംബയോഗങ്ങളിലും മൈക്ക് അനൗണ്‍സ്‌മെന്റുകളിലുമെല്ലാം ഈ ഗാനം ഇപ്പോള്‍ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വികസന മുന്നേറ്റങ്ങളെയും ക്ഷേമ പ്രവര്‍ത്തനങ്ങളെയും അക്കമിട്ടു നിരത്തുന്നതാണ് ഗാനത്തിന്റെ ഉള്ളടക്കം. അതോടൊപ്പം തന്നെ കോണ്‍ഗ്രസ്-ബിജെപി കൂട്ടുമുന്നണിയുടെ അവസരവാദ രാഷ്ട്രീയത്തെയും 'ഡീല്‍' രാഷ്ട്രീയത്തെയും ഗാനം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.

സാമ്പ്രദായിക പ്രചാരണ രീതികളില്‍ നിന്ന് മാറി പുതിയ തലമുറയെ ലക്ഷ്യം വെച്ച് പുറത്തിറക്കിയ ഈ 'റാപ്പ്' ചുരുങ്ങിയ കാലയളവില്‍ തന്നെ ലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തിയത്. ചടുലമായ നൃത്തച്ചുവടുകളോടെ പുറത്തിറങ്ങിയ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വലിയ രീതിയില്‍ പങ്കുവെക്കപ്പെടുന്നുണ്ട്.


Full View




Similar News