വീടിനു മുന്നിലെ ബൈക്ക് പാര്‍ക്കിംഗ് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് യുവാവിന് ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം: വീടിനു മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ ഇരുമ്പുവടി കൊണ്ട് ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ അയല്‍വാസികളായ സഹോദരങ്ങള്‍ പിടിയിലായി. കുഞ്ചാലുംമൂട് സ്വദേശികളായ മുഹമ്മദ് സഫര്‍ (23), മുഹമ്മദ് സഫന്‍ (21) എന്നിവരെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അക്രമം നടന്നത്. തിരുമല സ്വദേശിയായ യുവാവിന്റെ വീടിന് മുന്നില്‍ പ്രതികള്‍ ബൈക്ക് പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്. വാക്കേറ്റത്തിനൊടുവില്‍ ഇരുവരും ചേര്‍ന്ന് യുവാവിനെ ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ യുവാവിന്റെ പുരികത്തിനും കാല്‍വിരലുകള്‍ക്കും പരിക്കേറ്റു. മകനെ രക്ഷിക്കാന്‍ ഓടിയെത്തിയ മാതാപിതാക്കളെയും പ്രതികള്‍ വെറുതെ വിട്ടില്ല. ഇവര്‍ക്കും മര്‍ദ്ദനമേറ്റു. പരിക്കേറ്റ യുവാവ് ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
പിടിയിലായവരില്‍ ഒന്നാം പ്രതിയായ മുഹമ്മദ് സഫര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. 2020-ല്‍ കരമന സ്റ്റേഷനില്‍ തന്നെ ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസുണ്ട്. നിരന്തരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സ്വഭാവക്കാരനാണ് സഫറെന്ന് നാട്ടുകാരും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. നഗരത്തില്‍ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അക്രമത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.