നടിയുടെ അഭിനയത്തെ വിമർശിച്ചതിൽ വൈരാഗ്യം; കാരവാനിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ റിമാൻഡിലായിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രമുഖ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം അനുവദിച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ച് വിധി പറഞ്ഞത്. പുതിയ സിനിമയുടെ സെറ്റില്‍ വെച്ച് കാരവാനിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്.
അന്വേഷണത്തിന്റെ ഭാഗമായി രഞ്ജിത്തിനെ ഫോര്‍ട്ടുകൊച്ചിയിലെ സിനിമാ ലൊക്കേഷനിലും കാരവാനിലും എത്തിച്ച് പോലീസ് നേരത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. രഞ്ജിത്തിന് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. പ്രതിക്ക് ജാമ്യം നല്‍കുന്നത് കേസിന്റെ സ്വാഭാവികമായ ഗതിയെ ബാധിക്കില്ലെന്ന് വിലയിരുത്തിയാണ് കോടതി നടപടി.
നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യം മൂലമുള്ള വ്യാജ പരാതിയാണിതെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും വോട്ട് രേഖപ്പെടുത്താനുള്ള മൗലികാവകാശം വിനിയോഗിക്കാന്‍ അനുവദിക്കണമെന്നും രഞ്ജിത്ത് അപേക്ഷിച്ചിരുന്നു. നേരത്തെ ഇടക്കാല ജാമ്യം നിഷേധിക്കപ്പെട്ടപ്പോള്‍, ജയിലിലുള്ള പ്രതിക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന 1951-ലെ നിയമമാണ് പ്രോസിക്യൂഷന്‍ ആയുധമാക്കിയത്. എന്നാല്‍ അന്തിമ ജാമ്യാപേക്ഷയില്‍ കോടതി ഇളവ് അനുവദിക്കുകയായിരുന്നു.
സമാനമായ ആരോപണങ്ങളില്‍ മുന്‍പും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും ഇയാള്‍ക്ക് ജാമ്യം നല്‍കുന്നത് സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ കാരണമാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് പരിശോധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രതി പുറത്തിറങ്ങുന്നത് തടസ്സമാകുമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.