സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് നിര്‍ത്തിവയ്ക്കണം; ഐടി വകുപ്പ് തീരുമാനത്തില്‍ ദുരൂഹതയെന്ന് പ്രതിപക്ഷം; ഫയലുകള്‍ നീക്കം ചെയ്യാന്‍ നീക്കമെന്ന് വി.ഡി. സതീശന്‍; തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി വിഡി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള ഐടി വകുപ്പിന്റെ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി. ഇ-ഓഫീസ് വേര്‍ഷന്‍ മാറ്റുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി പത്ത് മണി മുതല്‍ ഈ മാസം 15-ാം തീയതി രാവിലെ പത്ത് മണി വരെ പ്രവര്‍ത്തനം നിലയ്ക്കുമെന്നാണ് ഐടി വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്.
തിരഞ്ഞെടുപ്പ് കാലത്തെ ഈ അസാധാരണ നടപടി സുപ്രധാന ഫയലുകളില്‍ കൃത്രിമം കാണിക്കാനോ അവ നീക്കം ചെയ്യാനോ ഉള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭരണപരമായ ഇത്തരം നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തുന്നത് ദുരൂഹമാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഇ-ഓഫീസ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നത് തടയണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
അഞ്ച് ദിവസത്തോളം ഇ-ഓഫീസ് പ്രവര്‍ത്തനം നിലയ്ക്കുന്നത് ഭരണപരമായ സ്തംഭനത്തിന് ഇടയാക്കുമെന്നും, സുതാര്യത ഉറപ്പാക്കേണ്ട സമയത്ത് ഇത്തരം നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഈ മാസം 15 വരെ സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കങ്ങള്‍ ഡിജിറ്റലായി നിരീക്ഷിക്കാന്‍ കഴിയില്ലെന്നതാണ് പ്രതിപക്ഷത്തെ ആശങ്കപ്പെടുത്തുന്നത്. വിഷയത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.