അമ്മയോടൊപ്പം ഒരു കല്യാണത്തിന് പോയി ഓട്ടോയിൽ വന്നിറങ്ങി; പിന്നാലെ ഒരുമിച്ച് റോഡ് മുറിച്ചുകടന്നതും ജീവനെടുത്ത് അപകടം; ബൈക്കിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം
പാങ്ങോട്: മാതാവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്‍റെയും അമാനയുടെയും മകൾ സനാ മെഹ്‌റിൻ ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വീടിനു മുന്നിലായിരുന്നു അപകടം. മാതാവ് അമാനയ്‌ക്കൊപ്പം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം ഓട്ടോറിക്ഷയിൽ മടങ്ങിയെത്തിയതായിരുന്നു സന. ഓട്ടോയിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെയാണ് അമിതവേഗതയിലെത്തിയ ബൈക്ക് സനയെ ഇടിച്ചുതെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സന വെള്ളിയാഴ്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പാങ്ങോട് ഗവൺമെന്റ് എൽ.പി സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയായിരുന്നു സന. ഒരു നാടിന്റെ മുഴുവൻ ഓമനയായിരുന്ന കുരുന്നിന്റെ അപ്രതീക്ഷിത വിയോഗം കൊച്ചാലുംമൂട് ഗ്രാമത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശനിയാഴ്ച പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന് ഉച്ചയോടെ വിലാപയാത്രയായി കൊച്ചാലുംമൂട് കബറിസ്ഥാനിൽ എത്തിച്ച മൃതദേഹം മതപരമായ ചടങ്ങുകളോടെ കബറടക്കി.