തുണി അലക്കാനായി പുഴയില്‍ ഇറങ്ങി; അബദ്ധത്തില്‍ കയത്തില്‍പെട്ട കുട്ടിയെ രക്ഷിക്കാന്‍ ശ്രമം; ഒരു കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു

Update: 2026-04-11 12:06 GMT

കോഴിക്കോട്: നാദാപുരത്ത് നാടിനെ നടുക്കിയ ദുരന്തത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ പുഴയില്‍ മുങ്ങിമരിച്ചു. പുളിയാവ് അരീക്കുണ്ട് സ്വദേശി അന്‍സാര്‍, ഭാര്യ സുഹദ മറിയം, അന്‍സാറിന്റെ സഹോദരന്റെ മകള്‍ ഇസ മറിയം എന്നിവരാണ് ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ മരിച്ചത്. പുളിയാവ് പുഴയിലെ അരീക്കുണ്ട് കടവില്‍ വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം.

തുണി അലക്കുന്നതിനായി പുഴയിലെത്തിയതായിരുന്നു ഇവര്‍. ഇതിനിടെ കുട്ടി അബദ്ധത്തില്‍ പുഴയിലെ കയത്തില്‍പ്പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അന്‍സാറും ഭാര്യയും ഒഴുക്കില്‍പ്പെടുകയും കയത്തില്‍ താഴുകയുമായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് കൂടുതല്‍ പേര്‍ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൂന്നുപേരെയും പുഴയില്‍ നിന്ന് പുറത്തെടുത്തത്.

പുറത്തെടുക്കുമ്പോള്‍ തന്നെ മൂന്നുപേരും മരണപ്പെട്ടിരുന്നതായാണ് പ്രാഥമിക വിവരം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി നാദാപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് പുളിയാവ് ഗ്രാമം. സംഭവസ്ഥലത്ത് പോലീസും ജനപ്രതിനിധികളും എത്തിയിട്ടുണ്ട്.

Similar News