വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി കന്നിവോട്ടര്‍

Update: 2026-04-11 13:21 GMT

കല്‍പ്പറ്റ: വോട്ട് ചെയ്ത ശേഷം കന്നിവോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത മധുരം ലഭിച്ചില്ലെന്ന പരാതിയുമായി യുവാവ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നിവോട്ടറാണ് ഹല്‍വ കിട്ടാത്തതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിലും ജില്ലാ കളക്ടറേറ്റിലും വിളിച്ച് പരാതി നല്‍കിയത്.

വോട്ട് രേഖപ്പെടുത്തിയ ഉടനെ ബൂത്തിലെ ഉദ്യോഗസ്ഥരോട് യുവാവ് ഹല്‍വ ആവശ്യപ്പെട്ടെങ്കിലും ഇവിടെ വിതരണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ നിരാശനായ യുവാവ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്ന് നമ്പര്‍ സംഘടിപ്പിച്ച് പരാതി അറിയിക്കുകയായിരുന്നു. ജില്ലാ കളക്ടറുടെ ഔദ്യോഗിക പേജില്‍ കന്നിവോട്ടര്‍മാര്‍ക്ക് ഹല്‍വ നല്‍കുന്നതിനെക്കുറിച്ചുള്ള റീല്‍സ് കണ്ടിരുന്നുവെന്നും അതുകൊണ്ടാണ് താന്‍ മധുരം പ്രതീക്ഷിച്ചതെന്നും യുവാവ് പറയുന്നു.

സംസ്ഥാനത്തെ കന്നിവോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തവണ മധുരവിതരണം പ്രഖ്യാപിച്ചിരുന്നെങ്കിലും, പ്രായോഗികമായി എല്ലാ ബൂത്തുകളിലും ഇത് ലഭ്യമായിരുന്നില്ല. വയനാട് ജില്ലയിലെ 715 ബൂത്തുകളിലേക്കുമായി ആകെ 200 കഷണം ഹല്‍വ മാത്രമാണ് വിതരണത്തിന് എത്തിയത്. ഇത്രയും കുറഞ്ഞ അളവ് എല്ലാ കന്നിവോട്ടര്‍മാര്‍ക്കും നല്‍കാന്‍ തികയില്ലെന്നതിനാല്‍, ഓരോ മണ്ഡലത്തിലും കന്നിവോട്ടര്‍മാര്‍ കൂടുതല്‍ ഉള്ള ഓരോ ബൂത്തുകള്‍ വീതം തിരഞ്ഞെടുത്ത് അവിടെ മാത്രമാണ് മധുരം വിതരണം ചെയ്തത്.

കണിയാമ്പറ്റ യുപിഎസ്, മീനങ്ങാടി കമ്മ്യൂണിറ്റി ഹാള്‍, കുഞ്ഞോം ഗവ. എച്ച്എസ് എന്നിവിടങ്ങളിലെ ബൂത്തുകളില്‍ മാത്രമാണ് ജില്ലയില്‍ ഹല്‍വ വിതരണം നടന്നത്. നിശ്ചിത ബൂത്തുകളില്‍ മാത്രമേ വിതരണമുള്ളൂ എന്ന് അധികൃതര്‍ വിശദീകരിച്ചെങ്കിലും, കളക്ടറുടെ പേജിലെ പരസ്യം കണ്ട് മധുരം പ്രതീക്ഷിച്ചെത്തിയ കന്നിവോട്ടര്‍മാര്‍ക്ക് ഇത് നിരാശയുണ്ടാക്കി. ലഭിച്ച പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് അധികൃതര്‍ യുവാവിന് മറുപടി നല്‍കിയിട്ടുണ്ട്.

Similar News