നിയന്ത്രണം വിട്ട ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവാവ് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-04-11 14:04 GMT
ചാരുംമൂട്: കെപി റോഡിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കരിമുളയ്ക്കൽ കാട്ടിൽകുളത്തിൽ വീട്ടിൽ ജോർജ് മാത്യു ക്രിസ്റ്റി (40) ആണ് മരിച്ചത്. വിവിഎച്ച്എസ്എസിനു സമീപമുള്ള വളവിൽ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ടിപ്പർ ലോറി ക്രിസ്റ്റി സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ക്രിസ്റ്റിക്ക് തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കായംകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം പിന്നീട് നടക്കും.