വൃത്തിയും വെടിപ്പുമുള്ള ഭക്ഷണവും നല്ല ചികിത്സയും; ജോലിക്ക് കൂലിയും താമസവും ലഭിക്കും: പുറത്തിറങ്ങിയതിന് പിന്നാലെ ജയിലിലേക്ക് പോകാന്‍ വീണ്ടും മോഷണം നടത്തി 46കാരന്‍
ജയിലിലേക്ക് പോകാന്‍ വീണ്ടും മോഷണം നടത്തി 46കാരന്‍
കോവളം: മോഷണക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആള്‍ വീണ്ടും ജയിലിലേക്ക് പോകാന്‍ മോഷണം നടത്തി പിടിയിലായി. ജയിലിലേക്ക് പോകാനുള്ള ആഗ്രഹത്തെ തുടര്‍ന്നാണ് കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലിപ്ഖാന്‍ (46) വീണ്ടും മോഷണം നടത്തിയത്. ജയിലില്‍ ലഭിക്കുന്ന സൗകര്യങ്ങളാണ് ദിലീപ് ഖാന വീണ്ടും ജയിലിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്. ജയിലില്‍ നല്ല താമസ സൗകര്യവും വൃത്തിയും വെടിപ്പുമുള്ള ഭക്ഷണവും ഒപ്പം നല്ല ചികിത്സയും കൂലിയും ലഭിക്കുമെന്നതാണ് ദിലീപ് ഖാനെ വീണ്ടും മോഷണം ചെയ്യാന്‍ പ്രേരിപ്പിച്ചത്.
ജയിലിലെ അടുക്കളയിലെ സീനിയര്‍ മേസ്തിരിയായിരുന്നു ഇയാള്‍. മോഷണക്കുറ്റത്തിന് വീണ്ടും പിടിയിലായതോടെ തിരികെ ജയിലിലേക്ക് പോകുന്നതിനാണ് കോവളം മേഖലയിലെ രണ്ടിടങ്ങളില്‍ മോഷണം നടത്തിയതെന്ന് പ്രതി കുറ്റസമ്മതവും നടത്തി. വിഴിഞ്ഞം, കോവളം മേഖലയിലടക്കം 21-ലധികം വലുതും ചെറുതുമായ മോഷണങ്ങള്‍ ദിലീപ് ഖാന്‍ നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞതായി കോവളം എസ്.എച്ച്.ഒ. ജെ.പി. അരുണ്‍കുമാര്‍ പറഞ്ഞു.
ഹാര്‍ബര്‍ റോഡില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 40,000 രൂപയും കടയില്‍ സൂക്ഷിച്ചിരുന്ന ഡി.വി.ആര്‍. കുത്തിപ്പൊളിച്ച് 5000 രൂപ വിലയുള്ള മൊബൈല്‍ ഫോണും മോഷ്ടിച്ചു. തുടര്‍ന്ന് കോവളത്തെ ഷാനവാസിന്റെ കോഴിക്കടയിലെ മേശയിലുണ്ടായിരുന്ന 4000 രൂപയും 8000 രൂപ വിലയുള്ള മൊബൈല്‍ ഫോണും മോഷ്ടിച്ചു.
രണ്ട് കടകളിലും മോഷണം നടത്തിയ പ്രതിയെ പോലീസ് സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞു. എസ്.ഐ.മാരായ സാജു, നൗഷാദ്, സി.പി.ഒ.മാരായ സെല്‍വന്‍, അഭിലാഷ്, രാജേഷ് ബാബു എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.