ജി സുധാകരന്റെ മുന്‍ സ്റ്റാഫ് അംഗം പിജി സൈറസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി സിപിഎം
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ ജി സുധാകരന്‍ അനുയായികള്‍ക്കെതിരെ നടപടി തുടരുന്നു. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗവും മുന്‍ പുന്നപ്ര സൗത്ത് പഞ്ചായത്ത് പ്രസിഡന്റുമായ പി.ജി. സൈറസിനെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. കഴിഞ്ഞ കുറച്ചു കാലമായി പാര്‍ട്ടിയുടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. 2006-2011 കാലയളവില്‍ ജി സുധാകരന്‍ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ സജീവമായിരുന്നു സൈറസ്. അമ്പലപ്പുഴയിലെ പാര്‍ട്ടി രാഷ്ട്രീയത്തില്‍ ജി. സുധാകരന്റെ വിശ്വസ്തരിലൊരാളായാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
പുന്നപ്ര സൗത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തിയാണ് സൈറസ്. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് പുന്നപ്ര സൗത്ത് പഞ്ചായത്തിന് സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ നാല് മാസമായി ഏരിയ കമ്മിറ്റി യോഗങ്ങളില്‍ സൈറസ് പങ്കെടുക്കാത്തതാണ് നടപടിക്ക് കാരണമായി പാര്‍ട്ടി നല്‍കുന്ന വിശദീകരണം. നേരത്തെ പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും സൈറസിനെ ഒഴിവാക്കിയിരുന്നു. അമ്പലപ്പുഴയില്‍ സ്വതന്ത്രനായി ജി. സുധാകരന്‍ മത്സരിക്കുന്ന സമയത്ത് തന്നെ അദ്ദേഹത്തിന്റെ വിശ്വസ്തനായ നേതാവിനെതിരെ നടപടി വരുന്നത് രാഷ്ട്രീയമായി ശ്രദ്ധേയമാണ്.