സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീല്‍; മോദിയെ തൃപ്തിപ്പെടുത്താന്‍ പിണറായി രാഹുലിനെ വിമര്‍ശിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ: സംസ്ഥാനത്ത് സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന ഗുരുതര ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നരേന്ദ്ര മോദി, അമിത് ഷാ, പിണറായി വിജയന്‍ എന്നിവര്‍ തമ്മിലാണ് ഈ 'ഡീല്‍' നടന്നിട്ടുള്ളതെന്നും, എന്‍.ഡി.എയുടെ സ്ഥാനാര്‍ഥി പട്ടിക പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പിക്ക് നിയമസഭയില്‍ എം.എല്‍.എമാരെ ഉണ്ടാക്കിക്കൊടുക്കാനാണ് ഈ രഹസ്യ ധാരണയിലൂടെ ലക്ഷ്യമിടുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഇതിന്റെ ഭാഗമായാണ് പാലക്കാട്, ഏറ്റുമാനൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി നിര്‍ണയം നടന്നിട്ടുള്ളത്. എന്‍.ഡി.എയ്ക്ക് ലഭിക്കുന്ന ഓരോ വോട്ടും ഇടതുമുന്നണിയെ സഹായിക്കാനാണ്. സംസ്ഥാന മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ തയ്യാറാകാത്തത് ഈ ഒത്തുകളിയുടെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തിലും സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ശബരിമലയെ സംസ്ഥാന സര്‍ക്കാര്‍ കറവപ്പശുവാക്കി മാറ്റിയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ആചാരങ്ങള്‍ ലംഘിക്കാനുള്ളതാണോ എന്ന് പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി വ്യക്തമാക്കണം. നരേന്ദ്ര മോദിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് പിണറായി വിജയന്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.